1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2023

സ്വന്തം ലേഖകൻ: ചൈനയില്‍ സമീപകാലത്തായി പടരുന്ന ദുരൂഹമായ ന്യൂമോണിയ ബാധ അധികം വൈകാതെ ബ്രിട്ടനിലേക്കുമെത്തുമെന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍. കുട്ടികളില്‍ അസാധാരണമാം വിധം രോഗ വ്യാപനമുണ്ടാകുന്നതില്‍ ആശങ്കരേഖപ്പെടുത്തി ബെയ്ജിംഗ് അധികൃതര്‍ കഴിഞ്ഞയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതിയ വൈറസിന്റെ ആക്രമണമല്ലെന്നും, ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങളുടെ ശക്തി വര്‍ദ്ധിക്കുന്നതാണെന്നും അവര്‍ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയേ എന്ന ബാക്ടീരിയയാണ് ഇതിന്റെ കാരണമെന്നും ചൈന പറയുന്നു.

അതേസമയം, കോവിഡ് ലോക്ക്ഡൗണ്‍ മൂലം ബ്രിട്ടനിലുള്ളവരുടെ ആര്‍ജിത പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന രോഗം ബ്രിട്ടനിലെത്തിയാല്‍ ജനങ്ങളെ അത് അതിവേഗം ബാധിക്കുമെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ ആശങ്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ബ്രിട്ടനില്‍ കാലിക രോഗങ്ങള്‍ പരത്തുന്ന അണുക്കളുടെ വ്യാപനം തടഞ്ഞുവെങ്കിലും അതിലൂടെ ജനങ്ങളുടെ ആര്‍ജിത പ്രതിരോധ ശേഷി കുറഞ്ഞതിനാല്‍ ചൈനയില്‍ നിന്നുള്ള മൈക്കോ ബാക്ടീരിയയുടെ പിടിയില്‍ ബ്രിട്ടീഷുകാര്‍ എളുപ്പം പെടാമെന്നും രാജ്യത്ത് രോഗം പടരാമെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത് പരിധി വിട്ട് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കോവിഡ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന ആശങ്കയും അവര്‍ പങ്ക് വയ്ക്കുന്നുണ്ട്. ബാക്ടീരിയ ബാധ ഒരു തരം ഫ്ലൂവിന് തുല്യമായാണ് ബാധിക്കുക. ശക്തി കുറഞ്ഞ അസുഖമായതിനാല്‍ ഇതിത് വാക്കിംഗ് ന്യൂമോണിയ എന്നാണറിയപ്പെടുക. പക്ഷേ ചെറിയ കുട്ടികളെ ഈ രോഗം പിടിപെട്ടാല്‍ ചിലപ്പോള്‍ ഗുരുതരമാകുമെന്ന മുന്നറിയിപ്പാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഈ വിധത്തില്‍ തടഞ്ഞ് നിര്‍ത്തിയ അസുഖങ്ങള്‍ ഏത് സമയവും തിരിച്ചടിക്കാനും ബ്രിട്ടനില്‍ അത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. യു കെയില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഫ്‌ളൂ, ആര്‍ എസ് വി തുടങ്ങിയ ശൈത്യകാല രോഗങ്ങളുടെ വ്യാപനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തു വിന്റര്‍ പിടിമുറുക്കിവരുന്ന സാഹചര്യത്തില്‍ അപൂര്‍വ്വ ന്യുമോണിയ വലിയ ആശങ്കയ്ക്കാണ് വഴിവയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.