1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2023

സ്വന്തം ലേഖകൻ: ഹമാസുമായി യുദ്ധം ആരംഭിച്ചതിനുപിന്നാലെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയില്‍നിന്ന് ഇസ്രയേല്‍ തൊഴിലാളികളെയെടുക്കുന്നു. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും.

സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണ് എടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്‌നെര്‍ ബുധനാഴ്ച അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി.

വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീന്‍കാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കി. ഇതോടെയാണ് നിര്‍മാണമേഖല പ്രതിസന്ധിയിലായത്.

ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുചെല്ലാന്‍ അനുവദിക്കണമെന്ന് ഐ.ബി.എ. ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു.

ഇന്ത്യയില്‍നിന്ന് 42,000 തൊഴിലാളികളെ എടുക്കുന്നതിനുള്ള കരാറില്‍ മേയില്‍ ഇസ്രയേല്‍ ഒപ്പിടുകയുണ്ടായി. നിര്‍മാണമേഖലയില്‍ 34,000 പേരെയും നഴ്‌സിങ് മേഖലയില്‍ 8000 പേരെയും എടുക്കുന്നതിനുള്ള കരാറാണിത്. നിലവില്‍ 18,000 ഇന്ത്യക്കാര്‍ ഇസ്രയേലില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ആതുരശുശ്രൂഷാ മേഖലയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.