1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2024

സ്വന്തം ലേഖകൻ: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.

കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്. ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

റദ്ദാക്കേണ്ട ഒരു വിധിയാണ് ഇതെന്നകാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗുജറാത്ത് സർക്കാരിന് ഇത്തരത്തിൽ ഒരു ഉത്തരവ് പാസാക്കാൻ അവകാശമില്ല. ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരാണ് ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസിലെ പ്രതികളിൽ ഒരാൾ ശിക്ഷാ ഇളവിന് സുപ്രീം കോടതിയെ സമീപിച്ചത് വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ്. എല്ലാ പ്രതികളുടേയും ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീം കോടതി ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഒരാളുടെ കാര്യത്തിൽ മാത്രമാണ് നിർദ്ദേശം നൽകിയിരുന്നത്. ഒരു പ്രതിയുടെ ഹർജിയിൽ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുൻ ഉത്തരവും ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്.

പല കാര്യങ്ങളും മറച്ചുവെച്ച് തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയാണ് ശിക്ഷാ ഇളവിനുവേണ്ടി പ്രതികളിൽ ഒരാൾ സമീപിച്ചതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവം.

ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബില്‍ക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ബലാല്‍സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.

ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികള്‍ ഒരു ഇളവും അര്‍ഹിക്കുന്നില്ലെന്നും ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാല്‍ സിആര്‍പിസി 432 അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍, വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 1992 നയം അനുസരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഈ നിയമം പിന്നീട് സര്‍ക്കാര്‍ മാറ്റിയിരുന്നു. കൂട്ടബലാല്‍സംഗ ക്കേസിലെ പ്രതികളെ ഇളവുകള്‍ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2022-ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സര്‍ക്കാരും കുറ്റവാളികളും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

ശിക്ഷിക്കപെട്ടവരില്‍ ഒരാളായ ആര്‍. ഭഗവന്‍ദാസ് ഷായുടെ മോചനത്തിന് 92-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂണ്‍ മൂന്നിന് തേടിയിരുന്നുവെന്നും ജയില്‍ ഉപദേശകസമിതി രൂപീകരിച്ചിരുന്നെന്നും ലോക്കല്‍ പൊലീസിനോടും അഭിപ്രായം തേടിയിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.