
സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പരക്കൊണ്ടു പൊറുതിമുട്ടിയ സര്‍ക്കാര്‍, നഴ്സിംഗ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവും മറ്റ് തൊഴിലധിഷ്ഠിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവര ശേഖരണത്തിനായി കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. നഴ്സുമാര്‍ക്ക് മാത്രമായി ഒരു വേതന ഘടന രൂപപ്പെടുത്തിയാല്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രയോജനങ്ങളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചുമുള്ള തെളിവുകള്‍ ശേഖരിക്കലാണ് ലക്‌ഷ്യം. അതുപോലെ ഈ മേഖലയിലെ ജോലിക്കയറ്റം, പ്രൊഫഷണലിസം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കപ്പെടും.
നിലവിലുള്ള അജണ്ട ഫോര്‍ ചേഞ്ച് (എ എഫ് സി) വേതന ഘടന, നഴ്സിംഗ് ജോലിയുടെ സ്വഭാവത്തിലെ പരിണാമത്തിനും, സങ്കീര്‍ണ്ണതയ്ക്കും അനുസരിച്ച് വേതനം മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 2023-ല്‍ ആര്‍ സി എന്നുമായി ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച ചര്‍ച്ചകളില്‍ പുതിയ വേതന ഘടനയെക്കുറിച്ച് പരാമര്‍ശം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ കണ്‍സള്‍ട്ടേഷന് തുടക്കം കുറിച്ചിരിക്കുന്നത്.
കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കല്ലന്‍ പറഞ്ഞത് നിലവിലെ വേതന ഘടനക്ക് 20 വര്‍ഷം തികയുകയാണെന്നും ഇന്നത്തെ ഒരു മാതൃക നഴ്സിന്റെ നൈപുണിയോ, തൊഴില്‍ സങ്കീര്‍ണതയോ ഒന്നും തന്നെ അതില്‍ പ്രതിഫലിക്കുന്നില്ല എന്നുമായിരുന്നു. 2004- ല്‍ ഇന്നത്തെ വേതന ഘടനക്ക് രൂപം കൊടുക്കുമ്പോള്‍ നഴ്സിംഗ് എന്നത് അത്ര ആകര്‍ഷണീയമായ ഒരു തൊഴില്‍ മേഖലയായിരുന്നില്ല. 90 ശതമാനത്തോളം പേരും സ്ത്രീകളായിരുന്നു ഈ മേഖലയില്‍ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് മാത്രം ഉള്ള ഒരു തൊഴില്‍ മേഖലയായിട്ടായിരുന്നു അന്ന് നഴ്സിംഗ് രംഗം പരിഗണിക്കപ്പെട്ടിരുന്നത്. കുറഞ്ഞ് വേതനവും, പദവിയുമൊക്കെ മതി എന്നായിരുന്നു അന്നത്തെ ചിന്ത. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുകയാണ്. യു കെയോട് സമാനമായ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് യു കെയില്‍ ലഭിക്കുന്നതിനേക്കാള്‍ 20 ശതമാനം ശമ്പളം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് പാറ്റ് കല്ലന്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ തൊഴില്‍ക്കയറ്റ സാധ്യതയും വളരെ വിരളമായിരിക്കുകയാണ്. മറ്റ് പല തൊഴില്‍ മേഖലകളിലും ഒരു ബാന്‍ഡില്‍ നിന്നും മറ്റൊന്നിലെക്കുള്ള സ്ഥാനക്കയറ്റം സ്വമേധയാ വരുമ്പോള്‍ നഴ്സിംഗ് മേഖലയില്‍ അതുണ്ടാകുന്നില്ല. ബാന്‍ഡുകളിലൂടെ ഓട്ടോമാറ്റിക് പ്രോഗ്രഷന്‍ ആവശ്യമാണെന്നും ആര്‍ സി എന്‍ വാദിക്കുന്നുണ്ട്. 12 ദിവസത്തേക്കായിരിക്കും കണ്‍സള്‍ട്ടേഷന്‍ ഉണ്ടായിരിക്കുക. ഏപ്രില്‍ 4 ന് രാത്രി 11.59 ന് കണ്‍സള്‍ട്ടേഷന്‍ അവസാനിക്കും. എല്ലാ നഴ്സുമാരും കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണം എന്നും ആര്‍ സി എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല