1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: ചരിത്രംരചിച്ച യുഎഇ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ പര്യടനം തുടങ്ങി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുമായി സംവദിച്ച അദ്ദേഹം ഊഷ്മളമായ സ്വീകരണത്തിന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കൃതജ്ഞത രേഖപ്പെടുത്തി.

ഇന്നലെ രാത്രി വൈകിയാണ് മോദി യുഎഇയില്‍ നിന്ന് ദോഹയിലെത്തിയത്. 2016 ജൂണിനുശേഷം മോദിയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനമാണിത്. യുഎഇ സന്ദര്‍ശനത്തിന് പുറപ്പെട്ട ശേഷമാണ് അപ്രതീക്ഷിതമായി മോദിയുടെ ദോഹ യാത്ര പ്രഖ്യാപിക്കുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോദി ഖത്തറിലെത്തിയത്. ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ സൈനികരെ ഖത്തര്‍ വിട്ടയച്ചതിനു പിന്നാലെയാണ് സന്ദര്‍ശനമെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു. ഏകദേശം 8,40,000 പ്രവാസി ഇന്ത്യക്കാര്‍ താമസിക്കുന്ന ഖത്തറില്‍ മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. ദോഹയിലെ ശക്തമായ ഇന്ത്യന്‍ സമൂഹത്തിന്റെ സാന്നിധ്യം ഇരു രാജ്യങ്ങളിലെയും ജനത തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ തെളിവാണെന്ന് നേരത്തെ ഒരു പ്രസ്താവനയില്‍ മോദി ചൂണ്ടിക്കാട്ടി.

ദോഹയില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയുമായി മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സൗഹൃദം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്തു. ഇന്ത്യ-ഖത്തര്‍ സൗഹൃദം വര്‍ധിപ്പിക്കാനുള്ള വഴികളെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചയെന്ന് മോദി എക്സില്‍ കുറിച്ചു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും വാണിജ്യം, നിക്ഷേപം, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ചയാവും. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ ഏകദേശം 20 ബില്യണ്‍ ഡോളറാണ്. ഇന്ത്യയില്‍ ഏറ്റവുമധികം നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.

എട്ട് ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരുടെ രണ്ടാം വീടാണ് ഖത്തറെന്നും മോദിയുടെ വരവിനെ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 200ലേറെ വിമാന സര്‍വീസുകള്‍ നടക്കുന്നത് രണ്ട് ജനതകള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തെ തെളിവാണ്. 20 ഇന്ത്യന്‍ സ്‌കൂളുകളും ഒരു സര്‍വകലാശാലയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.