1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2024

സ്വന്തം ലേഖകൻ: യുഎസ്സിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് തകര്‍ന്ന ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ഈസ്റ്റേണ്‍ സീബോര്‍ഡ് എന്നറിയപ്പെടുന്ന അമേരിക്കയുടെ കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ ക്രെയിനാണ് ഇതിനായി എത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 1000 ടണ്‍ ഭാരം ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഇത്. 400 ടണ്‍ ശേഷിയുള്ള മറ്റൊരു ക്രെയിനും ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

തകര്‍ന്ന പാലത്തിന്റെ ലോഹഭാഗങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കാനാണ് ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഒപ്പം, പാലത്തില്‍ ഇടിച്ച ദാലി എന്ന ചരക്കുകപ്പലും ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇവ നീക്കം ചെയ്താൽ മാത്രമേ ബാൾട്ടിമോർ തുറമുഖത്തേക്ക് വരാനും അവിടെനിന്ന് പോകാനും കപ്പലുകൾക്ക് കഴിയൂ.

അതേസമയം അപകടത്തില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ പടാപ്‌സ്‌കോ നദിയില്‍ നിന്ന് മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നദിയില്‍ മുങ്ങുമ്പോള്‍ ഇരുട്ടുമുറിയില്‍ അകപ്പെട്ടതുപോലെയാണെന്നും ദൃശ്യപരിധി പൂജ്യമാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാനെത്തിയ ക്രെയിനുകള്‍ കാണാനായി നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. 1972-ല്‍ സ്‌കോട്ട് കീ പാലം നിര്‍മ്മിക്കുന്നത് നേരില്‍ കണ്ട കാഴ്ചയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് പ്രദേശവാസിയായ 71-കാരന്‍ റൊണാള്‍ഡ് ഹോക്കിന്‍സ് പറഞ്ഞു. താന്‍ എല്ലാ ദിവസവും ഈ കാഴ്ച കാണാനെത്തുമെന്നും പാലം വെള്ളത്തില്‍ നിന്ന് വീണ്ടും ഉയര്‍ന്നുവരുന്നത് തനിക്ക് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.