സ്വന്തം ലേഖകൻ: ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തലയ്ക്കേറ്റ ക്ഷതമാണ് ടിടിഇ വിനോദ് കണ്ണന്റെ(48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ശരീരത്തിൽ ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും രണ്ടു കാലുകളും അറ്റുപോയിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനില്‍നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ ഇതേ ട്രാക്കില്‍വന്ന മറ്റൊരു ട്രെയിന്‍ കയറിയിറങ്ങിയെന്നാണ് നിഗമനം.
ഇതാണ് കാലുകള്‍ അറ്റുപോകാനിടയായതെന്ന് കരുതുന്നു. മുറിവുകളില്‍നിന്ന് രക്തംവാര്‍ന്നിരുന്നതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍നിന്ന് തള്ളിയിട്ടപ്പോഴാകാം തലയ്ക്ക് ക്ഷതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിനോദിന്റെ മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഇതരസംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനില്‍നിന്നു തള്ളിയിട്ടുകൊന്ന കേസില്‍ ‘ഒന്നാം പ്രതി’ റെയില്‍വേ തന്നെ. ട്രെയിനുകളില്‍ റിസര്‍വേഷന്‍ കോച്ചുകളില്‍പ്പോലും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം യാത്രക്കാര്‍ പരാതിപ്പെടുമ്പോഴും ശാശ്വത പരിഹാരമായിട്ടില്ല.
ട്രെയിനുകളില്‍ മോശം പെരുമാറ്റവും അതിക്രമവും അടുത്തിടെ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടിടിഇയുടെ മരണം. മാരകലഹരിവസ്തുക്കൾവരെ ഉപയോഗിച്ചെത്തുന്ന ഇതരസംസ്ഥാനയാത്രക്കാര്‍ ട്രെയിനുകളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ലെന്നു ദീര്‍ഘദൂര യാത്രക്കാര്‍ പറയുന്നു.
റിസർവ് ചെയ്ത സീറ്റുകൾ ഇതരസംസ്ഥാനക്കാർ കൈയടക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും റെയിൽവേ ഇതുവരെ ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന മരുസാഗർ എക്സപ്രസ് പോലെയുള്ള ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ സാധനങ്ങൾ കുത്തിനിറച്ച് ടിക്കറ്റില്ലാതെ കേരളത്തിലേക്കു യാത്ര ചെയ്യുന്നതു പതിവാണ്.
സംഘടിത ശക്തിയായതിനാൽ ടിടിഇമാരും ഇതു കണ്ടില്ലെന്നു നടിക്കുന്നു. വലിയ ലഗേജുകളും മറ്റും സീറ്റില്‍ തന്നെ വച്ച് റിസര്‍വ് ചെയ്യാതെയാണ് പലരുടെയും യാത്ര. പലപ്പോഴും കാര്യമായ പരിശോധന റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാല്‍ ഇവര്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ആര്‍പിഎഫ് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്. ജനുവരിയില്‍ കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ മദ്യപന് നടത്തിയ അതിക്രമങ്ങള്‍ നേരിടേണ്ടിവന്നതു യുവതിക്കായിരുന്നു.
ആര്‍പിഎഫിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും എത്തിയത് രണ്ടു ടിടിഇമാര്‍ മാത്രമാണ്. ഇവര്‍ക്കും മദ്യപനെ തടയാനായില്ല. ഒടുവില്‍ യാത്രക്കാര്‍ സംഘം ചേര്‍ന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ടസംഭവമല്ല.
സ്കൂള്‍ പവര്‍ ലിഫ്റ്റിംഗ് മത്സരത്തിനായി പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ ലഹരിക്കടിമയായ ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമത്തിനിരയായതും അടുത്തിടെയാണ്. ആര്‍പിഎഫിന്റെ സേവനം ആവശ്യപ്പെട്ടിട്ടും കിട്ടിയില്ലെന്ന് വിദ്യാര്‍ഥികളുടെ പരിശീലകന് പരാതിപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല