
സ്വന്തം ലേഖകൻ: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:
- തിരുവനന്തപുരം-66.46
- ആറ്റിങ്ങല്‍-69.40
- കൊല്ലം-68.09
- പത്തനംതിട്ട-63.35
- മാവേലിക്കര-65.91
- ആലപ്പുഴ-74.90
- കോട്ടയം-65.60
- ഇടുക്കി-66.53
- എറണാകുളം-68.27
- ചാലക്കുടി-71.84
- തൃശൂര്‍-72.79
- പാലക്കാട്-73.37
- ആലത്തൂര്‍-73.20
- പൊന്നാനി-69.21
- മലപ്പുറം-72.90
- കോഴിക്കോട്-75.42
- വയനാട്-73.48
- വടകര-78.08
- കണ്ണൂര്‍-76.92
- കാസര്‍ഗോഡ്-75.94
ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).
വോട്ടർമാർ ഒഴുകിയെത്തിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആവേശകരമായ പോളിങ്. കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിൽ രാവിലെമുതൽ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്ട് 81.47 ശതമാനവും വടകരയിൽ 82.48 ശതമാനവുമായിരുന്നു പോളിങ്. ജില്ലയിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കേണ്ട ആറുമണിയും കഴിഞ്ഞ് പോളിങ് രാത്രി വൈകുംവരെ നീണ്ടു. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്. മണിക്കൂറുകൾ വൈകിയിട്ടും വടകരയിലെ പല ബൂത്തുകളിലും നൂറുകണക്കിനാളുകൾ വരിനിൽക്കുന്നുണ്ടായിരുന്നു. രാത്രി 9.40 ആയപ്പോൾ 2248 ബൂത്തുകളിൽ 1694 എണ്ണത്തിൽ മാത്രമാണ് വോട്ടെടുപ്പ് പൂർത്തിയായത്. 284 ബൂത്തുകളിൽ അപ്പോഴും വോട്ടെടുപ്പ് പുരോഗമിക്കുകയായിരുന്നു. വടകരമണ്ഡലത്തിൽ രാത്രി 11.47ഓടെയും കോഴിക്കോട് മണ്ഡലത്തിൽ രാത്രി 11.30 യോടെയുമാണ് പോളിങ് പൂർത്തിയായത്.
പലയിടങ്ങളിലും യന്ത്രത്തകരാർ കാരണം പോളിങ് തുടങ്ങാൻ വൈകിയതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും മെല്ലെപ്പോക്കിന് കാരണമായി. വടകര മണ്ഡലത്തിൽ ഓപ്പൺവോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികളുയർന്നതും പോളിങ് വൈകിച്ചു. പോളിങ് വൈകിപ്പിച്ചതിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് യു.ഡി.എഫ്. ആരോപിച്ചു.
കുറ്റിച്ചിറയിൽ ബൂത്ത് ഏജന്റും വളയത്തും തൊട്ടിൽപ്പാലത്തും വോട്ട് ചെയ്യാനെത്തിയ രണ്ടുപേരും കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ ജി.വി.എച്ച്.എസ്.എസിലെ എൽ.ഡി.എഫ്. ബൂത്ത് ഏജന്റ്, ഹലുവ ബസാറിന് സമീപം കുഞ്ഞിത്താൻ മാളിയേക്കൽ അനീസ് അഹമ്മദ് (66) ആണ് മരിച്ചത്. രാവിലെ ഒൻപതോടെയാണ് സംഭവം. വളയം ചെറുമോത്ത് കുന്നുമ്മൽ മാമി (65), തൊട്ടിൽപ്പാലം നാഗംപാറ ബൂത്തിൽ വോട്ടുചെയ്യാൻനിന്ന കാവിലുമ്പാറ ആശ്വാസിയിലെ കല്ലുമ്പുറത്ത് ബിനീഷ് (42) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല