സ്വന്തം ലേഖകൻ: വെള്ളക്കെട്ടിൽപെട്ട് കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പുകളിൽ തിരക്കോടുതിരക്കാണ്. ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ വർക്ഷോപ്പുകളെല്ലാം വാഹനങ്ങൾ കൊണ്ടു നിറഞ്ഞു. മഴയ്ക്കു മുൻപ് വലിയ തിരക്കില്ലാതിരുന്ന വർക്ഷോപ്പുകളിൽ പലതും ഇപ്പോൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
നന്നാക്കാനെത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ 100% വർധനയാണുണ്ടായതെന്ന് വർക്ഷോപ് ഉടമകൾ പറയുന്നു. അവ അതിവേഗം ശരിയാക്കി നൽകാനുള്ള സമ്മർദവും അവർ നേരിടുന്നുണ്ട്. അതിനാൽ, ചെറുകിട അറ്റകുറ്റപ്പണികളൊന്നും പല വർക്ക്ഷോപ്പുകളും ഇപ്പോൾ എടുക്കുന്നില്ല. വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുരുങ്ങിയത് 10 ദിവസമെങ്കിലും വേണമെന്നും അവർ പറഞ്ഞു.
ഇൻഷുറൻസ് കവറേജ് ഉപയോഗിച്ച് വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തി തിരികെ കിട്ടണമെങ്കിൽ കുറഞ്ഞതു 2 മാസമെങ്കിലും കാത്തിരിക്കണം. ഇതൊഴിവാക്കാനായാണ് പലരും സ്വന്തം ചെലവിൽ നന്നാക്കാൻ ശ്രമിക്കുന്നതെന്നും വർക്ഷോപ് ഉടമകൾ പറഞ്ഞു. എന്നാൽ, ചില സ്പെയർപാർട്സുകളുടെ വില വർധിച്ചതു തിരിച്ചടിയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വാഹന സ്പെയർപാർട്സിന്റെ വില 40% വരെ വർധിച്ചെന്നാണ് വിവരം. ഒരു മാസം മുൻപ് 2000 ദിർഹത്തിന് ലഭിച്ചിരുന്ന സ്റ്റിയറിങ് വീലിന് ഇപ്പോൾ 3,000 ദിർഹമാണ് വില.
എൻജിനിൽ വെള്ളം കയറിയതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. വാഹനങ്ങളുടെ സോഫ്റ്റ്വെയർ തകരാർ, എസി, സീറ്റുകൾ, ഗിയർബോക്സ്, സ്റ്റിയറിങ് വീൽ, എന്നിവയ്ക്കുള്ള പ്രശ്നങ്ങൾ എന്നിവയും കൂടുതലാണ്. വെള്ളം കയറിയതിനാൽ ഓയിൽ മാറ്റലും നിർബന്ധമാണ്.
എൻജിൻ തകരാറിലായ മിക്ക വാഹനങ്ങളും വെള്ളത്തിലൂടെ ഓടിച്ചവയാണ്. ചിലതിന്റെ എൻജിൻ പൂർണമായി മാറ്റേണ്ടി വരും. മറ്റു ചിലത് വെള്ളം വലിഞ്ഞുകഴിഞ്ഞാൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ, മഴവെള്ളം കയറിയ വാഹനങ്ങൾ നന്നാക്കിയെടുത്താലും ഭാവിയിൽ പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു ഗാരിജ് ഉടമകൾ പറയുന്നു.
അതേസമയം, വെള്ളക്കെട്ടിൽപെട്ട വാഹനങ്ങൾ നന്നാക്കാൻ ഇൻഷുറൻസ് കമ്പനികൾ സഹകരിക്കുന്നില്ലെന്ന പരാതിയും വാഹന ഉടമകൾക്കുണ്ട്. ഇൻഷുർ ചെയ്ത വാഹനങ്ങൾ കമ്പനികളുടെ നടപടിക്രമങ്ങൾ കഴിഞ്ഞ് നിരത്തിലിറക്കാനെടുക്കുന്ന കാലതാമസമാണ് വാഹന ഉടമകളുടെ പ്രധാന പ്രശ്നം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല