1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2024

സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റികളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് മുന്‍പില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നെത്തിയ പരാതികള്‍ കഴിഞ്ഞ വര്‍ഷം എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 3,137 പരാതികളാണ് ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് ലഭിച്ചത്. 2022 ലേതിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്.

ഇതില്‍ 1,268 പരാതികള്‍, തദ്ദേശീയരായ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഫീസ് നല്‍കി പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടേതാണെന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. പരാതികളില്‍ 90 ശതമനവും വന്നിരിക്കുന്ന യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ്. ഈ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ പരാതികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിനേതിനേക്കാള്‍ 43 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

പരാതികള്‍ വര്‍ദ്ധിക്കുമ്പോഴും യു എ ഇയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം ഈ വര്‍ഷം വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് പല യൂണിവേഴ്സിറ്റികളും ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ്‌സ് വീസയില്‍ നിരവധി ഇളവുകള്‍ നല്‍കുന്നുണ്ട്. ഒ ഐ എ ക്ക് ലഭിച്ച പരാതികളില്‍ പകുതിയോളം (45 ശതമാനം) വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മാര്‍ക്ക്, ഫൈനല്‍ ഡിഗ്രി ഫലം തുടങ്ങിയ കാര്യങ്ങളിലാണ്. ഇതിലും 2022 നേ അപേക്ഷിച്ച് 38 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍, തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പരാതികളേക്കാള്‍ വളരെ കൂടുതലാണ് വിദേശ വിദ്യാര്‍ത്ഥികളുടേത്.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യു കെയില്‍ പഠനത്തിനെത്തുന്നതിന് വലിയ തുക ചെലവാക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല, ചിലപ്പോള്‍ സ്പോണ്‍സര്‍മാരും ഉണ്ടായേക്കും. ഇത് വന്‍ വിജയം നേടുന്നതില്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറെയാക്കും. ഇതായിരിക്കാം ഇവരുടെ പരാതികള്‍ വര്‍ദ്ധിക്കുന്നതിന് കാരണം എന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ തന്നെ, വീസ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ചില അവസരങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനും ആകില്ല.

ഹാജര്‍ നില ആവശ്യത്തിനില്ലാത്തതിനാല്‍ പഠനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടവയായിരുന്നു പിന്നീട് ഏറ്റവും അധികം ലഭിച്ച പരാതികള്‍. വീസ നിബന്ധനകളില്‍ ഇത് പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ പഠനം നിര്‍ത്തലാക്കുന്നത് നിയമവിരുദ്ധമല്ല, മാത്രമല്ല, ചില റിക്രൂട്ടിംഗ് ഏജന്റുമാരും ഇത് മുതലാക്കാറുണ്ട്. അതേസമയം, ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചതും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം ഉണ്ടാക്കിയിട്ടുണ്ട്. ഇത് പലരുടെയും മാനസികാരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതികളില്‍ എല്ലാം കൂടി മൊത്തം 1.2 മില്യന്‍ പൗണ്ടാണ് 2023 ല്‍ യൂണിവേഴ്സിറ്റികള്‍ നഷ്ടപരിഹാരമായി നല്‍കിയത്. ഇതും തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. അതേസമയം, ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആകെ 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണെന്നും യൂണിവേഴ്സിറ്റീസ് യു കെ പ്രതിനിധി പ്രതികരിച്ചു. ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് പരാതികളാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.