കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യും. മന്ത്രിസഭയില്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും വൈദ്യുതി വകുപ്പ് രൂപം നല്‍കി. രാവിലെയും രാത്രിയുമായി ഒരു മണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തണം. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് അധിക ഉപയോഗത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കും. വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വൈദ്യുതി മാത്രമേ നിലവിലെ നിരക്കില്‍ നല്‍കൂ. 25 ശതമാനത്തിന് ഉയര്‍ന്ന നിരക്ക് ഈടാക്കണമെന്നും ധാരണയായി.
രൂക്ഷമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്‍െറ നിലപാട്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്താല്‍ ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലാകും. പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന സ്ഥിതിയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. നിര്‍ദേശങ്ങളിലെല്ലാം മന്ത്രിസഭയുടേതാകും അന്തിമ തീരുമാനം. റെഗുലേറ്ററി കമീഷന്‍െറ അനുമതിയോടെ മാത്രമേ നടപ്പാക്കൂ.
വിലകൂടിയ വൈദ്യുതി വാങ്ങിയ സാഹചര്യത്തില്‍ ഇക്കൊല്ലം ഇതിനകം 500 കോടിയുടെ അധിക ബാധ്യത വന്നുവെന്നാണ് വിലയിരുത്തല്‍.; കായംകുളം അടക്കമുള്ള നിലയങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പിടിച്ചുനില്‍ക്കുന്നത്. യൂനിറ്റിന് 12 രൂപ വരെയാണ് നിരക്ക്. ഇത്രയും വിലയുള്ള വൈദ്യുതി വാങ്ങി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. ജലവൈദ്യുത ഉല്‍പാദനം പ്രതിദിനം 13 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംഭരണികളില്‍ 40 ശതമാനത്തോളം വെള്ളമേ അവശേഷിക്കുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല