ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നതിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി വത്തിക്കാനിലേക്കു പുറപ്പെട്ടു. ഇന്നലെ രാവിലെ 9.30നു കൊച്ചി വിമാനത്താവളത്തില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ യാത്ര.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മാര്‍ ആലഞ്ചേരിക്ക് യാത്രയയപ്പ് നല്‍കി. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍, കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, സി.എം.ഐ. പ്രിയോര്‍ ജനറല്‍ ഡോ. ജോസ് പന്തപ്ലാംതൊട്ടിയില്‍, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ പൊട്ടോളി, ഫാ. ജോണ്‍ പുതുവ എന്നിവരും പിതാവിനൊപ്പമുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പത്തര യ്ക്കു വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണു മാര്‍ ആലഞ്ചേരി മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്നത്. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ എന്നിവരും ഇറ്റലിയിലെയും വത്തിക്കാനിലെയും ഇന്ത്യന്‍ സ്ഥാനപതികളും ഇന്ത്യയില്‍നിന്നുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികളും വിവിധ സ്ഥലങ്ങളില്‍നിന്നുള്ള വൈദിക, സന്യസ്ത പ്രതിനിധികളും മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങളും നാളെയും മറ്റന്നാളുമായി റോമിലെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല