നിയന്ത്രിതമായ മദ്യപാനം അത്ര പ്രശ്നമുള്ള കാര്യമൊന്നുമല്ല. ലോകത്തിലെ മനുഷ്യരില്‍ ഭൂരിപക്ഷംപേരും കള്ളുകുടിക്കാറുണ്ട്. എന്നാല്‍ അതിനൊക്കെ പരിധിയില്ലേ എന്നായിരിക്കും ഈ വാര്‍ത്ത കേട്ടാല്‍ ചോദിക്കാന്‍ സാധ്യത. ഇനി കാര്യത്തിലേക്ക് വരാം. ബ്രിട്ടണില്‍ ഇപ്പോള്‍ കരള്‍രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ചുമ്മാതെ എണ്ണം വളരെ കൂടുതലാണ് എന്നൊന്നും പറഞ്ഞാല്‍ പോരാ. വന്‍വര്‍ദ്ധനവ് എന്നുതന്നെ പറയണം. ഇതുമൂലം മരണനിരക്കില്‍ 25 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കള്ളുകുടി വല്ലാതെ കൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ?
ചെറുപ്പക്കാരുടെ ഇടയിലും കരള്രോഗമുള്ളവരുടെ എണ്ണം വല്ലാതെ കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2001ല്‍ കരള്‍രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 9,231 ആയിരുന്നു. എന്നാല്‍ 2009ല്‍ ഇത് 11,575ആയി ഉയര്‍ന്നു. 60% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കരള്‍രോഗം ബാധിച്ച് മരിക്കുന്നവരുടെ ഇടയിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസമില്ലായ്മയും പ്രത്യേകം ശ്രദ്ധിക്കണമെന്ന വാദവും ഉയരുന്നുണ്ട്. നിരാശരായ തലമുറയാണ് കള്ളുകുടിച്ച് മരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുവാക്കള്‍ക്കിടയില്‍ മദ്യപാനാസക്തി കൂടുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്രിട്ടണിലെ യുവത്വം കള്ളുകുടിച്ച് മരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. അതിന് പിന്നാലെയാണ് ഈ വാര്‍ത്തയും വരുന്നത്. 2001 മുതല്‍ 2009 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് മരണനിരക്കില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതായി കണ്ടെത്തിയത്. ബ്രിട്ടണില്‍ നാല്പതുകളുടെ മധ്യത്തില്‍ മരിക്കുന്നവരുടെ എണ്ണം കൂടിയെന്നും അതിലും ചെറുപ്പത്തില്‍ മരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
പുരുഷന്മാരുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീകളുടെ കാര്യത്തിലും ഈ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മരണനിരക്കില്‍ 41 ശതമാനം പുരുഷന്മാരിലും 30 ശതമാനം സ്ത്രീകളുടെ കാര്യത്തിലുമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മദ്യപാനം മൂലമുള്ള ഭൂരിപക്ഷം മരണങ്ങളും കരള്‍രോഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല