മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു. വിഷയത്തില്‍ ഇടപെട്ട മാവോവാദികളുടെ മധ്യസ്ഥരായ ജി. ഹര്‍ഗോപാല്‍, ബി.ഡി. ശര്‍മ എന്നിവര്‍ക്കാണ് അലക്‌സ് പോള്‍ മേനോനെ കൈമാറിയത്. രാവിലെയോടെ ഇവര്‍ വനമേഖലയിലെ മാവോവാദി താവളത്തിലേക്ക് പോയിരുന്നു. മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ അതിര്‍ത്തിയില്‍ ചില പ്രാദേശിക ചാനലുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് ആദ്യം പുറത്തുവന്നത്.
പിന്നീട് എ.ഡി.ജി ഇക്കാര്യം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളുടെ ദക്ഷിണ ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി ചൊവ്വാഴ്ച രാത്രി മോചനം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും നാലുദിവസമായി നടത്തിയ ചര്‍ച്ചകളാണ് മോചനത്തിന് വഴി തുറന്നത്. ഇതേത്തുടര്‍ന്ന് രണ്ടുഭാഗത്തെയും മധ്യസ്ഥര്‍ കരാറില്‍ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം വിവിധ വകുപ്പുകളിലായി ജയിലില്‍ കഴിയുന്ന മാവോവാദികള്‍ക്കെതിരേയുള്ള കേസുകളെല്ലാം പുനരവലോകനം ചെയ്യണം. നിര്‍മലാ ബുച്ചിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെടുന്ന പ്രത്യേക കമ്മിറ്റിയാണ് ഇക്കാര്യം നിരീക്ഷിക്കേണ്ടത്. കൂടാതെ മേനോന്റെ മോചനത്തിനു പകരമായി ഒരു കൂട്ടം മാവോവാദികളെ വിട്ടയയ്ക്കുകയും വേണം. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവരുടെ കേസും കമ്മിറ്റിയുടെ പരിഗണനയിലുണ്ടാവണം.
കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കയച്ച ഇമെയിലില്‍ മാവവാവാദികള്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതാണ് അലക്‌സ് പോളിനെ തട്ടികൊണ്ടുപോകാന്‍ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല