കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബും മുസ്ലിം ലീഗിന്റെ മഞ്ഞളാംകുഴി അലിയും വ്യാഴാഴ്ച രാവിലെ പത്ത് മണിയ്ക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. യു.ഡി.എഫ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
മുസ്ലിം ലീഗിന്റെ നാല് മന്ത്രിമാരുടെ വകുപ്പുകള്‍ അലിക്ക് വീതിച്ചു നല്‍കും. നാളെ തന്നെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കുമെന്നും വിഞ്ജാപനം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അനൂപ് ജേക്കബിന്റെ വകുപ്പിനെ സംബന്ധിച്ച് നാളെ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, പിതാവ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ അനൂപിന് ലഭിക്കുമെന്നാണ് സൂചന.
ബാക്കി വരുന്ന രണ്ട് രാജ്യസഭ സീറ്റുകളുടെ കാര്യത്തിലും യോഗത്തില്‍ തീരുമാനമായി.കേരള കോണ്‍ഗ്രസ് എമ്മിനും കോണ്‍ഗ്രസിനുമായി വീതിച്ച് നല്കി. അതേസമയം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെ പിന്തുണക്കാനാണ് യോഗം തീരുമാനിച്ചത്. ശെല്‍വരാജുമായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ചര്‍ച്ച ചെയ്യും.
എന്നാല്‍, കോണ്‍ഗ്രസ് ബി നേതാവ് ബി ബാലകൃഷ്ണ പിള്ളയുടെ പരാതി പരിഹരിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. പിള്ളയുമായും മകനും മന്ത്രിയുമായ ഗണേശുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല