1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2021

സ്വന്തം ലേഖകൻ: തൃശൂരിലെ ചേറ്റുവയിൽ 30 കോടിയുടെ ആംബര്‍ഗ്രിസുമായി (തിമിംഗല ഛർദി) മൂന്നു പേരെ ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിത് സമൂഹ മാധ്യമങ്ങളിലടക്കം കൗതുകമാകുന്നു. സുഗന്ധലേപന വിപണിയിൽ വന്‍ വിലയുള്ള ആംബര്‍ഗ്രിസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ്പിടിയിലായത്.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്. 1.8 കോടിയോളം രൂപയാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.

പഴക്കം കൂടുംതോറുമാണ് തിമിംഗലത്തിന്‍റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്ക് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

1970 മുതൽ സ്പേം തിമിംഗലങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആമ്പര്‍ഗ്രിസ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് കാരണം ഇന്ത്യയിൽ ആമ്പര്‍ഗ്രിസിന്‍റെ സംഭരണവും വിൽപ്പനയും നിയമവിരുദ്ധമാക്കി. ലൈസൻസ് ഇല്ലാതെ ആമ്പര്‍ഗ്രിസ് വിൽക്കുന്നതും കൈവശവും വെക്കുന്നതും കുറകരമാണ്.

ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ആമ്പര്‍ഗ്രിസിന്‍റെ വ്യാപാരം നിയമവിധേയമാണ്. എന്നാൽ ആസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ആമ്പർഗ്രിസിന്‍റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്. തിമിംഗലങ്ങളെ അനധികൃതമായി വേട്ടയാടുന്നതും ചൂഷണം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തുന്നതിനുള്ള മാർഗമായാണ് പല രാജ്യങ്ങളും ആമ്പർഗ്രിസിന്‍റെ വ്യാപാരത്തിന് നിരോധനം ഏർപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.