1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

ലണ്ടന്‍ : അമേരിക്കയിലെ കടുത്ത വരള്‍ച്ച കാരണം ഭഷ്യ വസ്തുക്കളുടെ ഉത്പാദനത്തി ലുണ്ടായ കുറവ് ബ്രിട്ടനേയും രൂക്ഷമായി ബാധിക്കും. ഭഷ്യസാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ പ്രതിസന്ധി ആഗോളതലത്തില്‍ ബ്രഡിന്റേയും പാസ്തയുടേയും വില വര്‍ദ്ധിക്കന്‍ കാരണമാകും. മൃഗങ്ങള്‍ക്കുളള തീറ്റയുടെ ചെലവ് വര്‍ദ്ധിക്കുന്നത് കാരണം മാംസങ്ങളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബ്രിട്ടനിലെ മോശം കാലാവസ്ഥയും കൃഷിയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

ഉരുളകിഴങ്ങ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ബ്രിട്ടനിലെ കനത്ത മഴയും സൂര്യപ്രകാശത്തിന്റെ കുറവും ഇക്കുറി വിളവെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വരള്‍ച്ച കാരണം അമേരിക്കയിലെ 35 സംസ്ഥാനങ്ങളെ ദുരിത ബാധിതപ്രദേശമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബെല്‍ജിയം, ലക്‌സംബര്‍ഗ് പ്രദേശങ്ങളുടെ അത്ര വിസ്തൃതിയുളള കൃഷിഭൂമിയിലെ ക്ൃഷി വരള്‍ച്ച കാരണം ഉപയോഗശൂന്യമായി കഴിഞ്ഞു.

വിലക്കയറ്റം ഫലത്തിലെത്തിയില്ലെങ്കിലും എല്ലാവരും അതിനേ നേരിടാന്‍ തയ്യാറായി ഇരിക്കണമെന്ന് ബ്രട്ടീഷ് റീട്ടെയ്ല്‍ കണ്‍സോര്‍ഷ്യത്തിന്റെ വക്താവ് അറിയിച്ചു. ബ്രഡിനും പാസ്തയ്ക്കും ഒപ്പം മൃഗങ്ങളുടെ തീറ്റയ്ക്കും വില കയറുന്നതിനാല്‍ മാംസത്തിനും വില കൂടും. വിലക്കയറ്റം ലക്ഷക്കണക്കിന് വരുന്ന സാധാരണ കുടുംബങ്ങളെ വളരെയേറെ ദോഷകരമായി ബാധിക്കുമെന്ന് ടോറി എംപി മുന്നറിയിപ്പ് നല്‍കി. പണപ്പെരുപ്പം കാരണം വരുമാനം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്ത് ഭഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിരവധി പേരെ ഒരു നേരം ഭക്ഷണം എന്ന അവസ്ഥയിലേക്ക് എത്തിക്കും. അടുത്ത വിന്ററോടെ ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധനവും കൂടി പ്രാബല്യത്തിലാകുമ്പോഴേക്കും സാധാരണക്കാരന്റെ ബഡ്ജറ്റ് താളം തെറ്റുമെന്ന കാര്യത്തില്‍ സംശയമില്ലന്നും അദ്ദേഹം അറിയിച്ചു.

ഭക്ഷ്യസാധാനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം കുറയ്ക്കാനുളള ജോര്‍ജ്ജ് ഒസ്‌ബോണിന്റെ പദ്ധതികള്‍ക്ക് തടസ്സമാകുമെന്നാണ് കരുതുന്നത്. ഇതോടെ ടോറികളുടെ ഇലക്ഷന്‍ പദ്ധതികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഭഷ്യവിലക്കയറ്റം 2015ലെ തിരഞ്ഞെടുപ്പില്‍ മുഖ്യഘടകമാകും. ഇരട്ട സാമ്പത്തിക മാന്ദ്യത്തേക്കാള്‍ ലേബര്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം കിട്ടാന്‍ സഹായിക്കുക ഈ വിഷയമാകുമെന്നും ടോറി ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ ഇതു കാരണമാകുമെന്നും അവര്‍ വിലയിരുത്തുന്നു. പണപ്പെരുപ്പം കുറച്ച് വരുമാനം കൂട്ടാതെ ഇതിനെ നേരിടാനാകില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ബ്രട്ടീഷ് റീട്ടെയ്ല്‍ കണ്‍സോര്‍ഷ്യത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഭഷ്യവിലക്കയറ്റത്തില്‍ കുറവ് ഇക്കുറി ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഭക്ഷ്യവിലക്കയറ്റം വെറും 3.1 ശതമാനം ആയിരുന്നു. 2008ല്‍ ഭക്ഷ്യവിലക്കയറ്റം പത്ത് ശതമാനമായിരുന്നു. എന്നാല്‍ ഈ കുറവ് നീണ്ടുനില്‍ക്കില്ലെന്നും അമേരിക്കയിലെ വിളവെടുപ്പ് കുറഞ്ഞത് കാരണം വിലക്കയറ്റം കൂടാനാണ് സാധ്യതയെന്നും കണ്‍സോര്‍ഷ്യത്തിന്റെ ഡയറക്ടര്‍ജനറല്‍ സ്റ്റീഫന്‍ റോബര്‍ട്‌സണ്‍ പറയുന്നു. ചിക്കനും മുട്ടയ്ക്കും വിലക്കൂടുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ കൃഷിയിടങ്ങളെല്ലാം തന്നെ വരള്‍ച്ചയുടെ ദുരിതഫലം അനുഭവിക്കുകയാണ്. ലോകത്തെ ചോളം കയറ്റുമതിയുടെ പകുതിയും അമേരിക്കയില്‍ നിന്നാണ്. ,ചോളത്തിന് ചരിത്രത്തിലെ ഏറ്റവും മോശമായ ഉത്പാദനമാണ് ഇക്കുറി ലഭിച്ചതെന്ന് ബിആര്‍സി പറയുന്നു. അമേരിക്കയിലെ തന്നെ മറ്റൊരു മുഖ്യ കയറ്റുമതി ഉത്പ്പന്നമായ സോയാബീന്റെ വിലയും ഏറ്റവും കൂടിയ നിലയിലാണ്. മൃഗങ്ങള്‍ക്കുളള തീറ്റ, എണ്ണ, ഇന്ധനമായ എഥനോള്‍, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ്ഡ്രിങ്ക്‌സ്, സ്‌നാക്‌സ് എന്നിവയിലെല്ലാം സോയാബീനോ ചോളമോ ഉപയോഗിക്കാറുണ്ട്. ഇവയുടെ വിലക്കയറ്റം അനുബന്ധ സാധനങ്ങളുടെ വിലയേയും ബാധിക്കും. ലോകത്തിലെ ഭക്ഷ്യ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ജി20 രാജ്യങ്ങള്‍ ലോകത്തെ വ്യവസായിക സാമ്പത്തിക ശക്തികളുടെ ഒരു മീറ്റിങ്ങ് അടിയന്തിരമായി വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജി20 രാജ്യങ്ങളുടെ തലവന്‍മാര്‍ ഈയാഴ്ച തന്നെ ഭക്ഷ്യവിലയെ കുറിച്ച് ചര്‍ച്ച ചെയ്യും. എന്നാല്‍ ധാന്യങ്ങളുടെ വിതരണം സംബന്ധിച്ച് സെപ്റ്റംബര്‍ പകുതിയോട് മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുളളൂ. അതിന്‌ശേഷമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.