1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

ജീവിക്കുകയാണെങ്കില്‍ ആമിയെപ്പോലെ ജീവിക്കണം. മരണത്തെപ്പോലും നേരിടുന്നതിന് മുമ്പ് ഈ പെണ്‍കുട്ടി പ്രകടിപ്പിച്ചിരിക്കുന്ന ആത്മധൈര്യം അത്ര വലുതാണ്. പ്രതിരോധ ശേഷി സംബന്ധിച്ച രോഗമുള്ള ആമി അധിക നാള്‍ ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുകയാണ്. എന്നാല്‍ മരിക്കുന്നതിന് മുമ്പ് തനിക്ക് ചെയ്തു തീര്‍ക്കാനുള്ള 250 കാര്യങ്ങള്‍ എഴുതി തയാറാക്കി അവ ഓരോന്നായി ചെയ്തു തീര്‍ക്കുകയാണ് ഈ പെണ്‍കുട്ടി.

2007ല്‍ ജാക്ക് നിക്കോള്‍സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍ സിനിമയായ ബക്കറ്റ് ലിസ്റ്റ് കണ്ടതോടെയാണ് ആമി ഇത്തരമൊരു ആശയത്തില്‍ എത്തിച്ചേര്‍ന്നത്. രോഗം മൂര്‍ച്ഛിച്ച് ക്യാന്‍സര്‍ വാര്‍ഡിലെത്തുന്ന രണ്ട് സുഹൃത്തുക്കള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്നതാണ് ഈ ചിത്രം. ഇതിനെ പിന്തുടര്‍ന്ന് പിന്നീട് ഹിന്ദിയിലും മലയാളത്തിലും ഇതേ കഥയുമായി സിനിമകള്‍ ഇറങ്ങിയിരുന്നു.

“മൈ ലിസ്റ്റ് ഓഫ് തിംഗ്‌സ് ടു ഡു ബിഫോര്‍ ഐ കിക്ക് ദ ബക്കറ്റ്” എന്നാണ് ആമി ലിസ്റ്റിനിട്ടിരിക്കുന്ന പേര്. ഇതില്‍ ഏതാനും കാര്യങ്ങള്‍ താന്‍ ചെയ്ത് തീര്‍ത്തതായി ആമി അറിയിച്ചു. ഒരു കാമുകനെ കണ്ടെത്തി അയാള്‍ക്കൊപ്പം ഫെരാരിയോ ഓസ്റ്റിന്‍ മാര്‍ട്ടിനോ ഓടിക്കുക എന്നതാണ് ആമിയുടെ ഇപ്പോഴത്തെ ആഗ്രഹങ്ങളില്‍ പ്രധാനപ്പെട്ടത്. സൗത്ത് വെയ്ല്‍സിലെ സ്വാന്‍ സീ സ്വദേശിയാണ് ആമി. ആമിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അമ്മ കരോളിനും കൂടെത്തന്നെയുണ്ട്.

ആഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പാട്ടെഴുതണമെന്ന മോഹവും ഷെയ്ക് സ്പിയറിന്റെ എല്ലാ കൃതികളും വായിക്കണമെന്ന മോഹവും ആമി സാധിച്ചതായി കരോളിന്‍ പറയുന്നു. ചുംബിക്കപ്പെടണമെന്നതും ഡേറ്റിംഗില്‍ ഏര്‍പ്പെടണമെന്നതും ആമിയുടെ ഇനിയും സാധിക്കാനുള്ള ആഗ്രഹങ്ങളാണ്. കുതിര സവാരി, ബൈക്ക് സവാരി, നോവലെഴുത്ത് എന്നിവയും ആമിയുടെ സാധിക്കാനുള്ള കാര്യങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.