1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

മതിയായ രേഖകള്‍ കൈവശമില്ലാതെ വിദേശ രാജ്യത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നവര്‍ സാധാരണ സുരക്ഷാഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങാറാണ് പതിവ്. കര്‍ശന പരിശോധന ഉണ്ടാവുമെന്ന് അറിയാവുന്നതിനാല്‍ തന്നെ കൃത്രിമ രേഖയുമായി എത്തുന്നവരുടെ നെഞ്ചിടിപ്പ് ഉയരും.എന്നാല്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് ലിയാം ലിയാം എന്ന പതിനൊന്നുകാരന്‍ മാഞ്ചസ്റ്ററില്‍ നിന്ന് റോമിലേയ്ക്ക് യാത്ര ചെയ്തത്. കുട്ടിയുടെ കൈവശം പാസ്‌പോര്‍ട്ടോ ടിക്കറ്റോ ബോര്‍ഡിങ് പാസോ ഉണ്ടായിരുന്നില്ല.

ചൊവ്വാഴ്ചയാണ് ലിയാം ഒരു ടൂറിസ്റ്റ് സംഘത്തിനൊപ്പം വിമാനത്തില്‍ കയറിയത്. വിമാത്താവളത്തില്‍ അഞ്ചിടങ്ങളില്‍ സുരക്ഷാപരിശോധന ഉണ്ട്. എന്നാല്‍ ലിയാമിനെ ആരും പരിശോധിച്ചില്ല.പിന്നീട് വിമാനത്തിലെ മറ്റു യാത്രക്കാരാണ് കുട്ടിയുടെ കൈവശം രേഖകളൊന്നുമില്ലെന്ന് കണ്ടുപിടിച്ചത്. തുടര്‍ന്ന് വിമാനം റോമിലെ ഫിയുമിസിനോ വിമാനത്താവളത്തില്‍ ഇറക്കിയപ്പോള്‍ അധികൃതര്‍ കുട്ടിയെ ആ വിമാനത്തില്‍ തന്നെ ഇരുത്തി. മടക്കയാത്രയില്‍ ലിയാമിനെ തിരികെ മാഞ്ചസ്റ്ററില്‍ തന്നെ എത്തിക്കുകയും ചെയ്തു.

അമ്മയ്‌ക്കൊപ്പം വിതനന്‍ ഷാ സിവിക് സെന്ററില്‍ ഷോപ്പിങ്ങിനെത്തിയ ലിയാമിനെ അവിടെ വച്ച് കാണാതാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടി ആളുകള്‍ക്കൊപ്പം നടന്നു നീങ്ങുന്നതും വിമാനത്താവളത്തിനുള്ളിലേയ്ക്ക് നടന്നു കയറുന്നതും കണ്ടു.

വിമാനങ്ങളോട് കമ്പമുള്ള കുട്ടിയാണ് ലിയാം. അതിനാലാണ് അവന്‍ ഇങ്ങനെ ഒരു സാഹസം കാണിച്ചതെന്നാണ് വീട്ടുകാരുടെ വിശദീകരണം. എന്തായാലും ലിയാമിന്റെ യാത്ര പാരയായത് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ്. മതിയായ രേഖകളില്ലാതെ കുട്ടിയെ യാത്ര ചെയ്യാന്‍ അനുവദിച്ച കുറ്റത്തിന് അവരെ സസ്‌പെന്റ് ചെയ്ത് കഴിഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഉത്തരവായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.