1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2023

അലക്‌സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. ലിവർപൂൾ ബർക്കിൻഹെഡിൽ പ്രവർത്തിക്കുന്ന ലോറൻസ് ഫ്യൂണറൽ സർവ്വീസാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ഈ ക്രൂര കൊലപാതകങ്ങളുടെ ആഘാതത്തിൽ നിന്നും യു കെ മലയാളി സമൂഹം ഇനിയും പൂർണ്ണ വിമുക്തരായിട്ടില്ല.

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ്. കോട്ടയം എം.പി. തോമസ് ചാഴികാടൻ, മുൻ രാജ്യസഭാംഗം സുരേഷ് ഗോപി എന്നിവർ കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരനുമായി നേരിൽ നടത്തിയ ചർച്ചകളെ തുടർന്ന് അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇക്കാര്യത്തിൽ സഹായകരമായി. യുക്‌മ ലയ്സൺ ഓഫീസർ മനോജ്കുമാർ പിള്ളയും ഈ ആവശ്യം ഉന്നയിച്ച് ലണ്ടനിലെ ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു.

വൈക്കം എം.എൽ.എ. ശ്രീമതി. സി.കെ. ആശയോടൊന്നിച്ച് യുക്‌മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യു കെയിലെ സാമൂഹിക പ്രവർത്തകനായ ജഗദീഷ് നായർ എന്നിവർ അഞ്ജുവിന്റെ കുലശേഖരമംഗലത്തെ ഭവനം സന്ദർശിക്കുകയും മാതാപിതാക്കളെയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുകയും കുടുംബത്തിന് യുക്മയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറയും അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും യുക്‌മയുടെ സഹായ സഹകരണങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

കെറ്ററിംഗ് മലയാളി സമൂഹത്തിന്റെയും അഞ്ജുവിന്റെ സഹപ്രവർത്തകരുടേയും അഭ്യർത്ഥന മാനിച്ച് അഞ്ജുവിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരം ഒരുക്കുവാൻ KMWA ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്‌. മൃതദേഹങ്ങൾ, യു കെ യിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുവാൻ അഞ്ജുവിന്റെ കുടുംബം ചുമതലപ്പെടുത്തിയ, അഞ്ജുവിന്റെ സഹപ്രവർത്തകൻ കൂടിയായ മനോജ്‌ മാത്യുവാണ് KMWA ഭാരവാഹികളായ ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, അനീഷ്‌ തോമസ്സ്, സിബു ജോസഫ്, സോബിൻ ജോൺ എന്നിവരോടൊപ്പം ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നത്.

അഞ്ജുവിന്റെ നിരാലംബമായ കുടുംബത്തെ സഹായിക്കുവാൻ വേണ്ടി യുക്‌മയും കെറ്ററിംഗ് മലയാളി വെൽഫെയർ അസ്സോസ്സിയേഷനും (KMWA) ചേർന്ന് സമാഹരിച്ച തുക ഏറ്റവും ഉചിതമായ സമയത്ത് അഞ്ജുവിന്റെ മാതാപിതാക്കൾക്ക് കൈമാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.