തന്റെ മകളെ കൊന്നത് ആരാണെന്ന് തിരിച്ചറിഞ്ഞശേഷം താന്‍ ഇന്നേവരെ സമാധാനത്തോടെ ഉറങ്ങിയിട്ടില്ലെന്ന് നീലം ഹിണ്ടോച്ച പറയുന്നു. ഒരുവര്‍ഷം മുമ്പാണ് നീലം ഹിണ്ടോച്ചയുടെ മകള്‍ ആനി ദിവാനിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോടീശ്വരനായ വ്യവസായി ഷ്രിന്‍ ദീവാനിയാണ് ആനിയെ വിവാഹം കഴിച്ചത്. ആദ്യ കാഴ്ചയില്‍ സുന്ദരനായ ഹിന്ദു യുവാവ് എന്നാണ് ഷ്രിന്‍ ദീവാനിയെക്കുറിച്ച് തനിക്ക് തോന്നിയതെന്ന് അമ്മ നീലം ഹിണ്ടോച്ച പറയുന്നു. എന്നാല്‍ മകളുടെ മരണവാര്‍ത്ത കേട്ടപ്പോഴാണ് ഷ്രിന്‍ ദീവാനിയുടെ യഥാര്‍ത്ഥമുഖം വ്യക്തമായത്.
ഇപ്പോള്‍ ഷ്രിന്‍ ദീവാനിയെ സൗത്ത് ആഫ്രിക്കന്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിട്ടു കൊടുക്കാന്‍ ബ്രിട്ടിഷ് ഹോം സെക്രട്ടറി അനുവദിച്ചിരിക്കുകയാണ്.ഇതിനെതിരെ ശ്രീനിന്റെ ബന്ധുക്കള്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.ഈ കേസില്‍ വിധി വരുന്ന മുറയ്ക്ക് ശ്രീനിനെ കൈമാറും.
രണ്ട് കുടുംബങ്ങള്‍ക്കും എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ കാര്യമായ ധാരണയൊന്നുമില്ല. ആനിക്കും ഷ്രിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ യാതൊരു ധാരണയും ഞങ്ങള്‍ക്കില്ല. നന്മനിറഞ്ഞ ഒരു മകളെ നഷ്ടപ്പെട്ടുവെന്നല്ലാതെ വേറെ ഒന്നുമറിയില്ല.
വിവാഹം കഴിഞ്ഞ് അധികകാലം എത്തുന്നതിന് മുമ്പുതന്നെ ആനി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൂട്ടത്തില്‍ പരിക്കേറ്റ ഷ്രിന്‍ പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുവന്നത്. ഇപ്പോള്‍ ക്യാന്‍സര്‍ രോഗം ബാധിച്ച നീലം ഹിണ്ടോച്ച മകള്‍ നഷ്ടപ്പെട്ട വേദന സഹിച്ചുകൊണ്ട് ജീവിക്കുകയാണെന്ന് വെളിപ്പെടുത്തി.
ആനിയുടെ മുറി ആരും ഇപ്പോഴും ഉപയോഗിക്കുന്നില്ല. ആ മുറിയിലെ ഫോട്ടോഗ്രാഫുകളും കിടക്കയുമെല്ലാം അതുപോലെതന്നെ സൂക്ഷിക്കുന്നുണ്ട്. കേപ്പ് ടൗണില്‍നിന്ന് അധികം ദൂരയല്ലാത്ത ഒരിടത്തുവെച്ച് ആനി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗീകപീഡനത്തിന്റെയോ ബലാല്‍സംഗത്തിന്റെയോ സൂചനകളൊന്നുമില്ലായിരുന്നു. എന്നാല്‍ ആരാണ് വെടിവെച്ചതെന്നോ എന്താണ് കാരണമെന്നോ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം ഷ്രിന്‍ ദീവാനി ആനിയെ കൊല്ലാന്‍ ഏല്‍പ്പിച്ചയാളെ കണ്ടെത്തിയത് സംഭവത്തിന് വഴിത്തിരിവായിരുന്നു. ഏതാണ്ട് 1,400 പൗണ്ടിന് ആനിയെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കി എന്നതാണ് കണ്ടെത്തിയത്. അതോടെ സംഭവത്തിന് പിന്നിലെ ഷ്രിന്‍ ദീവാനിയുടെ പങ്ക് വ്യക്തമായിരുന്നു. ആനി പരമ്പരാഗതിയില്‍ വിവാഹം കഴിക്കണമെന്ന് തനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നതായി നീലം പറഞ്ഞു. സ്വസമുദായത്തില്‍നിന്നുതന്നെയുള്ള ഒരാളെ വിവാഹം കഴിക്കാന്‍ പറ്റിയാല്‍ കൊള്ളാമെന്ന് പലതവണ ആനിയോട് നീലം പറഞ്ഞിരുന്നു.
അതിനിടയിലാണ് വിവാഹ വാഗ്ദാനവുമായി ഷ്രിന്‍ ദീവാനി എത്തുന്നത്. വാടകയ്ക്ക് എടുത്ത ജെറ്റ് വിമാനത്തില്‍ പാരീസില്‍ പോയാണ് ദീവാനി തന്റെ മകളോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് നീലം പറഞ്ഞു. വിവാഹത്തിന് മുമ്പ് രതിയിലേര്‍പ്പെടാന്‍പോലും താല്‍പര്യമില്ലെന്ന് പറഞ്ഞ പരമ്പരാഗത വിശ്വാസിയായിരുന്നു ദീവാനി. അതുകൊണ്ടുതന്നെ തനിക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. ദീവാനി തന്റെ മകള്‍ക്ക് പറ്റിയ ഭര്‍ത്താവിയിരിക്കുമെന്ന തോന്നലുണ്ടായിരുന്നു.
ഏറെ ആഘോഷത്തോടെ നടത്തിയ വിവാഹത്തിനുശേഷം ഇരുവരും സൗത്ത് ആഫ്രിക്കയിലേക്ക് മധുവിധുവിന് പോയി. എന്നാല്‍ മധുവിധുവിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ദീവാനി വീട്ടിലേക്ക് വിളിച്ച് കണ്ണീരോടെ ആനിയെ ആരോ തട്ടിക്കൊണ്ടുപോയതായി പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി ആനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും ദീവാനി പറയുന്നുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ മാത്രം ഒരു വ്യക്തതയായില്ല. എന്നാല്‍ പിന്നീട് നടന്ന വിശദമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ദീവാനിക്ക് സംഭവത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല