യുഡിഎഫ് മന്ത്രിസഭയില്‍ ടി.എം. ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍തന്നെ തുടര്‍ന്നും തങ്ങളുടെ പാര്‍ട്ടി പ്രതിനിധിക്കു നല്‍കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനൂപ് ജേക്കബ്. മുന്നണി നേതൃത്വം ഇതംഗീകരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ-സിവില്‍ സപ്ലൈസ്, രജിസ്ട്രേഷന് വകുപ്പുകളാണു ജേക്കബ് കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍, നിയമസഭയിലെ കന്നിക്കാരനായ അനൂപിന് ഇത്ര ഭാരിച്ച ഉത്തരവാദിത്വമുള്ള വകുപ്പുകള്‍ നല്കുന്നതില് കോണ്‍ഗ്രസിലും മുന്നണിക്കുള്ളിലും എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അനൂപിന്റെ വിശദീകരണം. രജിസ്ട്രേഷന് വകുപ്പ് മാത്രം നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
യു.ഡി.എഫ് നേതൃയോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും. അനൂപ് ജേക്കബ്ബിന്റെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പും തീരുമാനിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. എന്നാല്‍ ലീഗ് ഒരു മന്ത്രിക്കായി സമ്മര്‍ദം ശക്തമാക്കിയിരിക്കെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാതെ അനൂപിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
അനൂപിന്റെ മന്ത്രിസ്ഥാനത്തോടൊപ്പം ലീഗിന്റെ കാര്യത്തിലും മുന്നണിക്ക് തീരുമാനമെടുക്കേണ്ടിവരും. അഞ്ചാംമന്ത്രിയുടെ പേരില്‍ അനൂപിന്റെ മന്ത്രിസ്ഥാനം നീട്ടിക്കൊണ്ടുപോകുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അനൂപിന് ഗതാഗതമോ ഗ്രാമവികസനമോ നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കൂടാതെ ടി.എം.ജേക്കബ് കൈകാര്യം ചെയ്തുവന്നിരുന്ന രജിസ്ട്രേഷനും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല