അനൂപിനു ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് തന്നെ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഉറച്ചു നില്‍ക്കും. വകുപ്പ് മാറിയാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നതിനാലാണു ടി.എം ജേക്കബ് കൈകാര്യം ചെയ്ത വകുപ്പ് തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നു പാര്‍ട്ടികേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. വകുപ്പ് മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അനൌദ്യോഗിക യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചെന്നാണ് അറിയുന്നത്. പുതുമുഖമായതിനാല്‍ അനൂപിനു ഭക്ഷ്യവകുപ്പ് പോലെ പ്രധാനപ്പെട്ട വകുപ്പു നല്കുന്നതിനോടു ഭരണപക്ഷത്തെ ചിലര്‍ക്കു താത്പര്യമില്ല.
നിലവില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ കൈവശമുള്ള ഏതെങ്കിലും വകുപ്പ് അനൂപിനു നല്കിയ ശേഷം ഭക്ഷ്യവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍, ജേക്കബ് ഗ്രൂപ്പിനെ പിണക്കിക്കൊണ്ടുള്ള വകുപ്പു മാറ്റം ശരിയല്ലെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. പിറവത്തിനു പിന്നാലെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു വരാനിരിക്കെ നിര്‍ബന്ധിത വകുപ്പുമാറ്റത്തിനു തുനിഞ്ഞ് ആവശ്യമില്ലാത്ത വിവാദത്തിലേക്കു ചാടേണ്െടന്നാണ് ഇവരുടെ അഭിപ്രായം. മന്ത്രിയാക്കാമെന്നു ശക്തമായ പ്രചരണം നടത്തിയാണു പിറവത്ത് അനൂപിനായി യുഡിഎഫ് വോട്ടുപിടിച്ചത്. സ്വാഭാവികമായും ജേക്കബിന്റെ വകുപ്പു തന്നെയാണു പാര്‍ട്ടി പ്രതീക്ഷിക്കുന്നതും. ഇപ്പോള്‍ ഇതുസംബന്ധിച്ച് ഒരു തര്‍ക്കം ഉണ്ടായാല്‍ ഒറ്റക്കെട്ടെന്നു പറയുന്ന യുഡിഎഫിലെ വിള്ളലായി ഇടതുപക്ഷം ആഘോഷിക്കുമെന്ന ആശങ്കയും ഭരണപക്ഷത്തിനുണ്ട്.
ഇതു നെയ്യാറ്റിന്‍കരയിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. വകുപ്പ് മാറ്റത്തോടു തങ്ങള്‍ക്കു താത്പര്യമില്ലെന്ന് ജേക്കബ് ഗ്രൂപ്പ് നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റേതടക്കം ഇപ്പോള്‍ നിലവിലുള്ള പല മന്ത്രിമാരും പുതുമുഖങ്ങളാണെന്നാണ് ഇവരുടെ പക്ഷം. പി.കെ ജയലക്ഷമിയും സി.എന്‍ ബാലകൃഷണന്‍, വി.എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, കെ.പി മോഹനന്‍, വി.കെ അബ്ദു റബ്ബ് എന്നിവരെല്ലാം ഇപ്പോഴത്തെ മന്ത്രിസഭയിലാണു മന്ത്രിമാരാകുന്നത്. ഈ സാഹചര്യത്തില്‍ അനൂപിനെ പുതുമുഖമെന്ന പേരില്‍ വകുപ്പ് മാറ്റി നല്കുന്നതിനോടു യോജിക്കാനാകില്ലെന്നാണ് ഇവര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും പാര്‍ലമെന്ററി രംഗത്തു പരിചയമുണ്െടങ്കിലും മന്ത്രിയാകുന്നത് ആദ്യമായിട്ടാണല്ലോ എന്ന ചോദ്യമാണു ജേക്കബ് ഗ്രൂപ്പ് കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലും വച്ചിരിക്കുന്നത്.
വകുപ്പ് മാറ്റത്തിനോടു ജേക്കബ് ഗ്രൂപ്പ് ശക്തമായ വിയോജിപ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ജേക്കബ് ഗ്രൂപ്പു നേതാക്കളുമായി ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യും. യുഡിഎഫ് ഘടക കക്ഷികള്‍ക്ക് അനൂപിനു ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് നല്‍കുന്നതിനോടു വിയോജിപ്പില്ലെന്നാണ് സൂചന. നേരത്തെ അവര്‍ക്കുണ്ടായിരുന്ന വകുപ്പാണല്ലോ അതെന്നും അത് അവര്‍ക്കര്‍ഹതപ്പെട്ടതാണെന്നുമാണ് ഒരു മുതിര്‍ന്ന ഘടകക്ഷി നേതാവ് പറഞ്ഞത്. വകുപ്പു മാറ്റമെല്ലാം കോണ്‍ഗ്രസും ജേക്കബ് ഗ്രൂപ്പും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ അഭിപ്രായം പറയുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.
അനൂപിന്റെ മന്ത്രിയായുള്ള സത്യപ്രതിജ്ഞ അടുത്ത മാസം ആദ്യമേ നടക്കുകയുള്ളു. 28നു നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിലാണു മന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വരിക. കൂടാതെ കേരളത്തിന്റെ ഗവര്‍ണറുടെ ചുമതലുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് അടുത്തമാസമെ സംസ്ഥാനത്ത് എത്തുകയുള്ളുവെന്നാണു രാജ്ഭവനില്‍നിന്നു ലഭിക്കുന്ന വിവരം. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയും ഗവര്‍ണറുടെ വരവിനെ ബാധിക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ഗവര്‍ണറുടെ സൌകര്യം രാജ്ഭവനില്‍ യുഡിഎഫ് നേതാക്കള്‍ അനൌദ്യോഗികമായി ചോദിച്ചിട്ടുണ്ട്. ലിഗ് അഞ്ചാംമന്ത്രിസ്ഥാനവുമായി മുന്നിലുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ആവശ്യമാണ്. ഇതെല്ലാം പരിഹരിച്ച ശേഷമായിരിക്കും അനൂപിന്റെ സത്യപ്രതിജ്ഞ നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല