1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

ലണ്ടന്‍ : സാംസംഗ് ഫോണുകളുടെ എട്ട് മോഡലുകളുടെ വില്‍പ്പന അമേരിക്കയില്‍ നിരോധിക്കണമെന്ന് ആപ്പിള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗാലക്‌സി എസ് 4ജി, ഗ്യാലക്‌സി എസ്2 എടി&ടി, ഗ്യാലക്‌സി എസ്2 സ്‌കൈറോക്കറ്റ്, ഗ്യാലക്‌സി എസ്2 ടി മൊബൈല്‍, ഗ്യാലക്‌സി എസ് 2 എപ്പിക് 4ജി, ഗ്യാലക്‌സി എസ് ഷോകേസ്, ഡ്രോയ്ഡ് ചാര്‍ജ്ജ്, ഗ്യാലക്‌സി പ്രിവെയ്ല്‍ എന്നിവയാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മോഡലുകള്‍. സാംസംഗിനെതിരേ ആപ്പിള്‍ നടത്തി വന്ന പേറ്റന്റ് യുദ്ധം വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ ആവശ്യവുമായി ആപ്പിള്‍ രംഗത്ത് എത്തിയത്.

സാംസംഗ് ആപ്പിള്‍ ഫോണുകള്‍ കോപ്പിയടിക്കുകയാണ് എന്നും പേന്റന്റ് നിയമങ്ങളുടെ ലംഘനമാണ് ഇതെന്നും കാട്ടിയാണ് ആപ്പിള്‍ ആമേരിക്കയിലെ കോടതിയെ സമീപിച്ചത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കേസില്‍ കൊറിയന്‍ കമ്പനിയായ സാംസംഗ് ആപ്പിളിന് 1.05 ബില്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. കോടതിവിധിയെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില 1.88 ശതമാനം ഉയര്‍ന്നിരുന്നു.

കാലിഫോര്‍ണിയയിലെ സാന്‍ജോസ് ജില്ലാ കോടതിയിലാണ് ആപ്പിള്‍ സാംസഗ് ഫോണുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ഥിരമായി സാംസംഗ് ഫോണുകള്‍ നിരോധിക്കുന്നത് വരെ താല്‍ക്കാലികമായി ഇവ നിരോധിക്കണമെന്നാണ് ആപ്പിളിന്റെ ആവശ്യം. എന്നാല്‍ ഗാലക്‌സി ടാബ് 10.1 നുളള ഇന്‍ജെന്‍ക്ഷന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സാംസംഗും കോടതിയെ സമീപിച്ചിട്ടുണ്ട്. പേറ്റന്റ് യുദ്ധത്തില്‍ ആപ്പിള്‍ ഐപാഡിന്റെ കോപ്പിയാണ് സാംസംഗിന്റെ ഗ്യാലക്‌സി ടാബ് എന്ന ആപ്പിളിന്റെ വാദം കോടതി തളളിയിരുന്നു. കഴിഞ്ഞ ജൂണ്‍ 26നാണ് സാംസംഗ് ടാബിന് കോടതി ഇന്‍ജെന്‍ക്ഷന്‍ ഏര്‍പ്പെടുത്തിയത്.

പേറ്റന്റ് നിയമയുദ്ധം പരാജയപ്പെട്ടതിനെ തുടര്‍ന്ന് എന്താണ് പേന്റന്റ് ലോയെന്നും അതിനെ കുറിച്ചുളള ഉപഭോക്താക്കളുടെ ചോദ്യത്തെ എങ്ങനെ നേരിടണമെന്നും കാട്ടി സാംസംഗ് അവരുടെ ജോലിക്കാര്‍ക്ക് മെമ്മോ ആയച്ചിട്ടുണ്ട്. സാംസംഗിന്റെ ഓഹരിവില 7ശതമാനം ഇടിഞ്ഞു. നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റദിവസം കൊണ്ട് സാംസംഗിന്റെ ഓഹരിവില ഇത്രയേറെ ഇടിയുന്നത്. കോടതിവിധിയ്‌ക്കെതിരേ അപ്പീല്‍ പോകുമെന്ന് സാംസംഗ് അറിയിച്ചിട്ടുണ്ട്. സാന്‍ജോസ് കോടതിയിലെ ഒന്‍പത് അംഗ ജൂറി പാനലാണ് സാംസംഗ് ആപ്പിളിനെ കോപ്പിയടിച്ചതായി വിധിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി സാംസംഗിനെതിരേ വിവിധ രാജ്യങ്ങളില്‍ ആപ്പിള്‍ കൊടുത്ത കേസുകളുടെ വിധി വന്നിരുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് അമേരിക്കയിലെ ആപ്പിളിന് അനുകൂലമായ വിധി. ആപ്പിളും സാംസംഗും പരസ്പരം കോപ്പിയടിക്കാറുണ്ടെന്നായിരുന്നു ദക്ഷിണ കൊറിയയിലെ കോടതിയുടെ വിധി. എന്നാല്‍ സാംസംഗ് കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചെന്ന വാദം ബ്രട്ടീഷ് കോടതി തളളിക്കളഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.