മുന്നില്‍നിന്ന് നയിച്ച ലയണല്‍ മെസ്സിയുടെയും ഹാട്രിക് നേടിയ ഗോണ്‍സാലോ ഹിഗ്വയിന്റെയും മികവില്‍ തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്‍റീന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. ലാറ്റിനമേരിക്കന്‍ യോഗ്യതാവട്ടത്തിലെ ആദ്യകളിയില്‍ ചിലിക്കെതിരെ മോണ്യുമെന്‍റല്‍ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ നാല് ഗോള്‍ ജയമാണ് അര്‍ജന്‍റീന സ്വന്തമാക്കിയത്. കോപാ അമേരിക്ക ജേതാക്കളായ ഉറുഗ്വായ് 4-2ന് ബൊളീവിയയെയും കീഴടക്കി.
ഹിഗ്വയിനാണ് എട്ടാം മിനിറ്റില്‍ അര്‍ജന്‍റീനയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. മെസ്സി 26-ാം മിനിറ്റില്‍ ആതിഥേയരുടെ ലീഡ് രണ്ടാക്കി. 63 കളികളില്‍ നിന്ന് 18-ാം അന്താരാഷ്ട്രഗോളാണ് അര്‍ജന്‍റീനാ നായകന്‍ സ്വന്തമാക്കിയത്. ഇടവേളയ്ക്കുശേഷം 51, 63 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട ഹിഗ്വയിന്‍ ഹാട്രിക് തികച്ചു. പരിക്കുകാരണം പ്രധാനതാരങ്ങളായ അലക്‌സി സാഞ്ചസിനെയും ഗാരി മെഡലിനെയും കൂടാതെ ഇറങ്ങിയ ചിലിക്കുവേണ്ടി 67-ാം മിനിറ്റില്‍ മാത്യാസ് ഫെര്‍ണാണ്ടസാണ് ആശ്വാസ ഗോള്‍ നേടിയത്. നായകനെന്ന നിലയില്‍ ആദ്യ ഔദ്യോഗിക മത്സരത്തില്‍ ജയം നേടാന്‍ മെസ്സിക്ക് കഴിഞ്ഞു. നേരത്തേ ഇന്ത്യയിലും ബംഗ്ലാദേശിലും നടന്ന സൗഹൃദമത്സരങ്ങളില്‍ ടീമിനെ മെസ്സി നയിച്ചിരുന്നു. കോച്ച് അലക്‌സാണ്‍ഡ്രോ സെബല്ലയ്ക്കും തുടക്കം ഗംഭീരമാക്കാന്‍ കഴിഞ്ഞു.
സ്വന്തം തട്ടകത്തില്‍ ബൊളീവിയയ്‌ക്കെതിരെ ആധികാരികജയമാണ് ഉറുഗ്വായും സ്വന്തമാക്കിയത്. ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് നാലാം മിനിറ്റില്‍ത്തന്നെ കോപാ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. എന്നാല്‍ 18-ാം മിനിറ്റില്‍ റൂഡി കര്‍ഡോസൊ നേടിയ ഗോളില്‍ ബൊളിവീയ തിരിച്ചുവന്നു.
പിന്നീട് ഡീഗൊ ലുഗാനോയുടെയും (26) എഡിസന്‍ കവാനിയുടെയും (35) ഗോളുകളില്‍ ഉറുഗ്വായ് ആദ്യപകുതി അവസാനിക്കുമ്പോള്‍ 3-1ന് മുന്നിലായി. ഇടവേളയ്ക്കുശേഷം 72-ാം മിനിറ്റില്‍ ലുഗാനൊ വീണ്ടും ഗോളടിച്ചു. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ട്ടിന്‍സ് ഒരു ഗോള്‍ മടക്കിയെങ്കിലും തിരിച്ചുവരവിന് ബൊളിവീയയ്ക്ക് സമയം ശേഷിച്ചിരുന്നില്ല.
മറ്റു കളികളില്‍ ഇക്വഡോര്‍ വെനസ്വേലയെയും (2-0) പെറു പാരഗ്വായ്‌യെയും (2-0) തോല്പിച്ചു. ആതിഥേയര്‍ എന്ന നിലയില്‍ നേരിട്ട് യോഗ്യത നേടിയതിനാല്‍ അഞ്ചു വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ യോഗ്യതാമത്സരങ്ങള്‍ കളിക്കുന്നില്ല. 2014-ലാണ് ബ്രസീലില്‍ ലോകകപ്പ് അരങ്ങേറുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല