മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെച്ചൊല്ലി തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നേരേയുള്ള ആക്രമണം രൂക്ഷമാകുന്നു. പ്രശ്‌നം രൂക്ഷമായതോടെ തമിഴ്‌നാട്ടില്‍ കഴിയുന്ന മലയാളികളെ തിരികെ കേരളത്തിലെത്തിക്കാന്‍ തേനി, ഇടുക്കി ജില്ലാ കളക്ടര്‍മാര്‍ കൂടിയാലോചന നടത്തി തീരുമാനമെടുത്തെങ്കിലും നടപ്പാക്കാനായില്ല.
ഇതിനിടെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു സമരാനുകൂലികള്‍ ഉപവാസമനുഷ്ഠിക്കുന്ന തേനിയിലെ സമരപ്പന്തലിലേക്ക് ബുധനാഴ്ച ഡിഎംകെ നേതാവ് സ്റ്റാലിനും വിജകാന്തുമെത്തും.
കമ്പത്ത് ക്രിസ്ത്യന്‍ പള്ളിയ്ക്കും രാമലിംഗപുരത്ത് കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി ഫാക്ടറിക്കും തീയിട്ടു. മലയാളികളുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കു നേരെയും അക്രമമുണ്ടായിട്ടുണ്ട്. തനിയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ ഹോട്ടലും തല്ലിത്തകര്‍ത്തിട്ടുണ്ട്.
മലയാളികളെ പോലീസ് ജീപ്പില്‍ അതിര്‍ത്തിയില്‍ എത്തിക്കാമെന്നായിരുന്നു കളക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുന്ന മലയാളികളെ അതിര്‍ത്തിയിലെത്തുക്കുന്നത് വിഷമകരമാണ്. കൃഷിചെയ്യുന്ന മലയാളികളുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ കൊള്ളയടിയ്ക്കുകയും കത്തിയ്ക്കുകയും ചെയ്തിട്ടുണ്ട്.
മലങ്കര മര്‍ത്തോമ്മാ സഭയുടെ പുതുപ്പെട്ടിയിലുള്ള മിഷന്‍ ഫീല്‍ഡാണ് കഴിഞ്ഞ രാത്രി നൂറിലധികം വരുന്നആള്‍ക്കൂട്ടം ചേര്‍ന്ന് തീയിട്ടത്. ഇവിടെ അന്‍പതോളം നിര്‍ധന തമിഴ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷനും തയ്യല്‍ പരിശീലനവും നല്‍കിവരുന്നുണ്ടായിരുന്നു. തയ്യല്‍ മെഷിനുകളെല്ലാം കത്തിച്ചിട്ടുണ്ട്.
തേനിയില്‍ ചങ്ങനാശേരി സ്വദേശിയുടെ ‘തേനി ഇന്റര്‍നാഷണല്‍’ എന്ന പേരിലുള്ള ബാര്‍ ഹോട്ടലാണ് ചൊവ്വാഴ്ച രാവിലെ നൂറ്റിയന്‍പതോളംവരുന്ന അക്രമിസംഘം തകര്‍ത്തത്. കമ്പത്ത് മലയാളത്തില്‍ ബോര്‍ഡ് വച്ച തമിഴന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിനുനേരെയും ആക്രമണം ഉണ്ടായി.
കമ്പത്ത് ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളികളായ നഴ്‌സുമാരും എക്‌സ്‌റേ ടെക്‌നീഷ്യനും ഉള്‍പ്പെട്ട നാലംഗസംഘം അക്രമികളെ ഭയന്ന് രണ്ടുദിവസം ആശുപത്രിയുടെ ടെറസില്‍ കഴിച്ചുകൂട്ടുകയായിരുന്നു.
തേനിയില്‍ പ്രവര്‍ത്തിക്കുന്ന മൂത്തൂറ്റ്, മണപ്പുറം, കൊശമറ്റം എന്നീ സ്വകാര്യ ചിട്ടി സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. മിനി മുത്തൂറ്റിന്റെയും മണപ്പുറം ഫിനാന്‍സിന്റെയും ഓഫീസുകളില്‍ മലയാളി ജീവനക്കാരെ അക്രമികള്‍ തിരഞ്ഞെങ്കിലും ഇവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല