1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2012

തിരുവനന്തപുരം:അമല്‍നീരദ് സംവിധാനംചെയ്ത മലയാളചിത്രം ‘ബാച്ചിലര്‍പാര്‍ട്ടി’ ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിനെത്തുടര്‍ന്ന് നിയമക്കുരുക്കിലേക്ക് നീങ്ങുന്നവരില്‍ യൂറോപ്പ്‌ മലയാളികളും. ബാച്ച്‌ലര്‍ പാര്‍ട്ടി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും വിവിധ ഗ്രൂപ്പുകളുമായി പങ്കിടുകയും ചെയ്തതിന് കേസില്‍ അകപ്പെട്ട് മലയാളികളില്‍ ചിലര്‍ യൂറോപ്പിലുള്ളവരാണെന്ന് പോലീസ് പറയുന്നു.

യു കെയിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മലായാളികള്‍ മാത്രമല്ല കേസില്‍ പ്രതിസ്ഥാനത്തുള്ളവരെന്നാണ് ഏക ആശ്വാസം. പാക്കിസ്ഥാനിലും ഉഗാണ്ടയിലും മാത്രമല്ല, ചൈന, സൗത്ത് ആഫ്രിക്ക, അള്‍ജീറിയ, ബോത്‌സ്വാന,അയര്‍ലന്റ്, ഫിലിപ്പൈന്‍സ്, കസാക്കിസ്ഥാന്‍, ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നവരും മലയാള സിനിമ നെറ്റിലൂടെ ആസ്വദിച്ചു പുലിവാല് പിടിച്ചിരിക്കുകയാണ്. പാക്കിസ്ഥാനില്‍മലയാള സിനിമയ്ക്ക് പ്രേക്ഷകരുണ്ടെന്നത് അന്വേഷണ ഉദ്യേഗസ്ഥര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മലയാളികള്‍ തീവ്രവാദ സംഘടനകളുടെ കെണിയില്‍ പെട്ട് പാക്കിസ്ഥാനിലേക്കും പാക് അധിനിവേശ കാശ്മീരിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന കണ്ടെത്തലുകളെ ശരിവയ്ക്കുന്ന രീതിയിലുള്ള വിവരമാണ് ‘സൈബര്‍ പെട്രോളിംഗി’ ലൂടെ പൊലീസിനു ലഭിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ നഗരങ്ങളില്‍ കഴിയുന്നവരല്ല ഇത്തരത്തില്‍ സിനിമ കാണുന്നതെന്നും വ്യക്തമായിട്ടുണ്ട്. ചൈനയില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരുണ്ടെന്നതും ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നുണ്ട്. പുതിയചിത്രങ്ങളായ ഓര്‍ഡിനറി 30 ലക്ഷത്തിലധികം പേരും ഗ്രാന്റ് മാസ്റ്റര്‍ 12 ലക്ഷം പേരുമാണ് ഇന്റര്‍നെറ്റിലൂടെ കണ്ടത്.

ഏതായാലും ബാച്ചിലര്‍പാര്‍ട്ടി കണ്ട ആയിരത്തോളംപേര്‍ക്കെതിരേ കേസുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. ആദ്യപടിയായി ഇരുപതോളം പേരുടെ ആദ്യ പട്ടിക ഉള്‍പ്പെടുത്തി ആന്റി പൈറസി സെല്‍ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ശേഷിച്ച തൊള്ളായിരത്തിലേറെ പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ വിശകലനം ചെയ്യുന്നത്. സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തതിനുശേഷമാണു സിഡി റിലീസായത്. രണ്ടു ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റില്‍ സിനിമയുടെ വ്യാജ പകര്‍പ്പ് പ്രത്യക്ഷപ്പെട്ടു.

33,000 പേരാണ് ഇതു കണ്ടത്. 1010 പേര്‍ സിനിമ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റിലെ വിവിധ ഗ്രൂപ്പുകളുമായി ഷെയര്‍ ചെയ്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നു സിനിമ അപ്‌ലോഡ് ചെയ്തവര്‍ നൂറോളം പേരുണ്ട്. ഇന്റര്‍നെറ്റിലെ വ്യാജ സിനിമ ഇടപാടുകള്‍ പിന്തുടര്‍ന്നു പിടികൂടാന്‍ മാത്രമായി വികസിപ്പിച്ച ‘ഏജന്റ് ജാദൂ എന്ന പുതിയ സോഫ്റ്റ്‌വെയറാണു വിരുതന്‍മാരെ പിടികൂടിയത്. നടനും ചലച്ചിത്ര നിര്‍മാതാവുമായ പ്രകാശ് ബാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഏജന്റ് ജാദൂ വികസിപ്പിച്ചെടുത്തത്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സിഡി പുറത്തിറക്കിയ മൂവി ചാനല്‍ കമ്പനിയാണ് ‘ജാദൂ ആദ്യമായി പരീക്ഷിച്ചത്. ഐപി അഡ്രസുകളുടെ പൂര്‍ണ പട്ടിക കിട്ടിയാലുടന്‍ കണക്ഷനെടുത്തവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങും. ഇതാദ്യമായാകും സിനിമ പൈറസിയുടെ പേരില്‍ ഒറ്റക്കേസില്‍ ഇത്രയധികം പേര്‍ പ്രതികളാകുന്നത്.

പകര്‍പ്പവകാശ ലംഘനത്തിന്റെ കേസിലും ഇതു ചരിത്രമായേക്കും. ഐപി അഡ്രസുകളുടെ നീണ്ട പട്ടികയാണ് ആന്റി പൈറസി സെല്ലില്‍ എത്തിയിട്ടുള്ളത്. പുനെയിലെ പത്തൊന്‍പതുകാരന്‍ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി അടക്കം ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞു സെല്ലിലെ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ അപ്‌ലോഡ് ചെയ്ത പകര്‍പ്പുകള്‍ ലോകത്തു പലയിടത്തുമിരുന്നു കണ്ടശേഷം വിതരണം ചെയ്തവരുടെ പട്ടികയാണ് ആയിരം വരുന്നത്. ഈ പട്ടികയില്‍പ്പെട്ട ഐപി അഡ്രസുകളും ഘട്ടംഘട്ടമായി ആന്റി പൈറസി സെല്ലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.