1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2012

ഖത്തറിലെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ബാര്‍ക്ലേസ് ബാങ്കിലെ മുന്‍ ചീഫ് അടക്കം നാല് പേര്‍ നിരീക്ഷണത്തില്‍. 2008 ലെ ഖത്തര്‍ ഇടപാടുകള്‍ക്കായി അഡൈ്വസറി ഫീസ് വാങ്ങിയ നാല് മുന്‍ എക്‌സിക്യൂട്ടിവുകളെ കുറിച്ചാണ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റി അന്വേഷിക്കുന്നത്. ബാര്‍ക്ലേസ് ബാങ്ക് ക്രഡിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ബെയ്ല്‍ ഔട്ട് ഒഴിവാക്കാനായി സമാഹരിച്ച 11 ബില്യണില്‍ നിന്നാണ് ഈ നാല് പേരും അഡൈ്വസറി ഫീസ് വാങ്ങിയത്. ബാര്‍ക്ലേസ് ബാങ്കിന്റെ മുന്‍ ചീഫായിരുന്ന ജോണ്‍ വാര്‍ലിക്കെതിരേയാണ് മുഖ്യമായും അന്വേഷണം നടക്കുന്നത്.

എഫ്‌സിഎയുടെ അന്വേഷണം വന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേക്കുളള വാര്‍ലിയുടെ സാധ്യത മങ്ങി. റെഗുലേറ്ററി റൂള്‍ തെറ്റിച്ചതായി തെളിഞ്ഞാല്‍ സാമ്പത്തിക മേഖലയില്‍ ജോലി ചെയ്യുന്നതിന് വാര്‍ലിക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ജൂലൈ മാസത്തെ റിപ്പോര്‍ട്ടിനൊപ്പമാണ് ബാങ്ക് എഫ്‌സിഎയുടെ അന്വേഷണത്തെ കുറിച്ച് പരസ്യപ്പെടുത്തിയത്. വാര്‍ലിയെ കൂടാതെ ബാര്‍ക്ലേസ് ബാങ്കിന്റെ ഫിനാന്‍സ് ഡയറക്ടര്‍ ക്രിസ് ലൂകാസ്, മിഡില്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ മുന്‍ തലവന്‍ റോജര്‍ ജെന്‍കിന്‍സ് എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റുളളവര്‍.

എന്നാല്‍ എഫ്‌സിഎയുടെ അന്വേഷണം ഏറ്റവും കൂടുതല്‍ ബാധിക്കുക വാര്‍ലിയെ തന്നെയാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത ഗവര്‍ണര്‍ പദവിയിലേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ആളാണ് വാര്‍ലി. 2010ല്‍ ബോബ് ഡയമണ്ടിന് ബാങ്കിന്റെ ചീഫ് സ്ഥാനം കൈമാറുന്നത് വരെ ആറ് കൊല്ലമാണ് വാര്‍ലി ബാര്‍ക്ലേസ് ബാങ്കിന്റെ ചീഫ് സ്ഥാനത്ത് തുടര്‍ന്നത്. എഫ്‌സിഎയ്ക്ക് വ്യക്തികളേയും കമ്പനികളേയും ഒരു പോലെ ശിക്ഷിക്കാന്‍ അധികാരമുളള സ്ഥാപനമാണ്. എത്ര തുക വേണമെങ്കിലും എഫ്‌സിഎയ്ക്ക് വ്യക്തികളില്‍ നിന്ന് പിഴയായി ഈടാക്കാവുന്നതാണ്. ഒപ്പം ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തുടര്‍ന്നും ജോലി ചെയ്യുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും എഫ്‌സിഎയ്ക്ക് കഴിയും.

ബാര്‍ക്ലേസിന്റെ ഇടപാടുകള്‍ സീരിയസ് ഫ്രോഡ് ഓഫീസിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് പ്രതികരിക്കാന്‍ ബാങ്കിന്റെ വക്താക്കള്‍ തയ്യാറായില്ല. എന്നാല്‍ എഫ്‌സിഎയുടെ അന്വേഷണത്തോട് പരമാവധി സഹകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എഫ്‌സിഎയുടെ അന്വേഷണം ആദ്യഘട്ടത്തിലാണന്നും ഫീസായി വാങ്ങിയ തുക കൈക്കൂലിയുടെ ഗണത്തില്‍ പെടുമോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നും അന്വേഷണ സംഘത്തിലെ വക്താവ് പറഞ്ഞു.അന്വേഷണ സംഘം ബാങ്കിനോട് ആവശ്യപ്പെട്ട എല്ലാ രേഖകളും എത്തിച്ച് തന്നതായും അന്വേഷണത്തോട് ബാങ്ക് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.