
സ്വന്തം ലേഖകൻ: ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്‌ഫോടനം ലോകത്തെയാകെ നടുക്കി. തകർന്ന നഗരത്തിന്റെ ചിത്രം ആരുടേയും നെഞ്ചുലയ്ക്കുന്നതാണ്. ഇതിനാടെയാണ് പ്രതീക്ഷ പകർന്ന് ഒരു ചിത്രം വൈറലാകുന്നത്. നവജാത ശിശുക്കളെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ഒരു നഴ്‌സിന്റെ ചിത്രമാണ് ചർച്ചയായത്.
ബെയ്റുത്തിലെ അഷ്റാഫിയ പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിൽ നിന്നുള്ള ചിത്രമാണ് അത്. ലെബനീസ് ഫോട്ടോ ജേർണലിസ്റ്റായ ബിലാൽ ജ്യോവിച്ച് ആണ് സംഭവ സ്ഥലത്തു നിന്ന് ഈ ചിത്രം പകർത്തിയത്. ചില്ലുകളും മറ്റും തകർന്നു കിടക്കുന്ന ഒരു മുറിയിൽ മൂന്ന് കുഞ്ഞുങ്ങളെ കൈയിൽ ഒതുക്കിപ്പിടിച്ച് ലാൻഡ്ഫോണിൽ സഹായം തേടുന്ന നഴ്സിന്റെ ചിത്രമാണ് ബിലാൽ പകർത്തിയത്.
ഇരട്ടസ്‌ഫോടനം നടന്നിട്ട് നാല് ദിവസം പിന്നിട്ടിട്ടും അറുപതിലധികം ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. സ്‌ഫോടനത്തില്‍ ഇതുവരെ 150-ലധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“154 ആളുകള്‍ മരിച്ചു. ഇതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടില്ല. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. അവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 5000-ത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ 120 പേരുടെ നില അതീവ ഗുരുതരമാണ്,” ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അശ്രദ്ധയ്‌ക്കൊ അപകടത്തിനോ പുറമെ ബാഹ്യഇടപെടലുകള്‍ വല്ലതുമുണ്ടോ എന്നതും അന്വേഷിക്കുന്നതായി ലെബനന്‍ പ്രസിഡന്റ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 16 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലബനനെ സഹായിക്കുന്നതിന് വേണ്ടി ചേരുന്ന ഒരു സംയുക്ത കൊണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
2013-ല്‍ ബയ്റുത്ത് തുറമുഖത്ത് ഉപേക്ഷിച്ച റഷ്യന്‍ കപ്പലില്‍നിന്നുമുള്ള അമോണിയം നൈട്രേറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ചൊവ്വാഴ്ചയാണ് സഫോടനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല