1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്ന ഇംഗ്‌ളീഷ് സംസാരിക്കാനോ എഴുതാനോ അറിയാത്ത കുടിയേറ്റക്കാര്‍ എത്രയും വേഗം ഭാഷാ ക്‌ളാസുകളില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിക്കുന്നര്‍ക്കും ഇത് ബാധകമാണ്. ഏകദേശം 67000 പേര്‍ തൊഴില്‍രഹിത വേതനത്തിന് അപേക്ഷിച്ചതായി വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എയ്ന്‍ ഡങ്കന്‍ സ്മിത്ത് അറിയിച്ചു.

ഇംഗ്‌ളീഷ് സംസാരിക്കനറിയാത്ത തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പുതിയ ഉത്തരവ്. തൊഴില്‍രഹിത വേതനത്തിന് അപേക്ഷിച്ച 67000 പേരില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. ഇവരില്‍ പലര്‍ക്കും സ്വദേശങ്ങളില്‍ ജോലിയുണ്ടായിരുന്നവരാണെന്നും അതിനാലാണ് നിയമം കര്‍ക്കശമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. സൗജന്യമായി നല്‍കുന്ന ഈ ഭാഷാ ക്‌ളാസുകളോട് ഭൂരിഭാഗം പ്രവാസികളും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നതില്‍ പേടിച്ചല്ലെന്നും പകരം സൗജന്യമായതിനാലാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിബന്ധനകളില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് പഴയ നയമാണെന്നും അത് ഇപ്പോള്‍ പ്രാവര്‍ത്തികമല്ലെന്നും കാമറൂണ്‍ വ്യക്തമാക്കി. തെക്കന്‍ ലണ്ടനിലെ ബ്രിക്സ്റ്റണ്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്‌ളീഷ് പഠിക്കുന്നത് ജോലി നേടാന്‍ സഹായിക്കുമെന്നതിനാല്‍ എല്ലാവരും ഈ സൗജന്യ ക്‌ളാസുകളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് കാമറൂണ്‍ പറഞ്ഞു. ഇത് ഒരേസമയം തൊഴില്‍രഹിതരെയും നികുതി ദാതാക്കളെയും സഹായിക്കുന്നതാണ്.

തൊഴില്‍രഹിതര്‍ക്ക് ജോലി കണ്ടെത്തല്‍ എളുപ്പമാകുമ്പോള്‍ നികുതിദാതാക്കളുടെ പണം അന്യായമായി ചെലവഴിക്കപ്പെടുന്നില്ല. തൊഴിലിനായി ജോബ് സെന്റര്‍ പ്‌ളസില്‍ അപേക്ഷിക്കുന്നവരെ അവര്‍ ഭാഷാക്‌ളാസുകളിലേക്കാണ് ആദ്യം പറഞ്ഞു വിടുന്നത്. വാണിജ്യ വകുപ്പിന്റെ ചെലവില്‍ പ്രാദേശിക കോളേജുകളിലാണ് ഭാഷാ ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.