1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2011

അനുനിമിഷം വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ് ആശയവിനിമയമേഖല. കേവലം ശബ്ദവിനിമയ യന്ത്രം മാത്രമല്ല ഇന്ന് മൊബൈല്‍ ഫോണുകള്‍. സമൂഹം ജീവിക്കുന്നതുതന്നെ മൊബൈലില്‍ ആണെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അതിശയോക്തിയാകില്ല. ആശയവിനിമയ രംഗത്തെ സങ്കേതികതയുടെ വികാസത്തിന്റെ ഫലമായി മൊബൈല്‍ ഫോണ്‍ ദിനം‌പ്രതി പുതുക്കപ്പെടുന്നു. ഇന്ന് കണ്ട ടെക്നോളജിയായിരിക്കില്ല നാളത്തെ ലേറ്റസ്റ്റ്. ചാനലുകളിലെ ലൈവ് വാര്‍ത്തകള്‍ മാറുന്നതുപോലെ ആയിരിക്കുന്നു മൊബൈല്‍ ഫോണുകളിലെ സാങ്കേതികതയുടെയും മാറ്റം. ഓരോ വര്‍ഷവും ഓരോ മാസവും എന്നുവേണ്ട ഓരോ ദിവസവും നവീന അപ്ലിക്കേഷനുകളും പുതുരൂപവും ആയി മൊബൈലുകള്‍ വിപണി കീഴടക്കാനെത്തുന്നു. 2011ലും നിരവധി മൊബൈല്‍ ഫോണുകളാണ് വിപണി കയ്യാളാന്‍ എത്തിയത്. അവയില്‍ പ്രമുഖമായവ ചുവടെ:

1, ആപ്പിള്‍ ഐഫോണ്‍ 4 എസ്

ഐഫോണ്‍ 4 എസാണ് 2011ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട സ്മാര്‍ട്ഫോണ്‍. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് അന്തരിക്കുന്നതിന്റെ തലേദിവസമാണ്(സെപ്റ്റംബര്‍ നാല്) ഐഫോണ്‍ 4 എസ് പുറത്തിറക്കിയത്. 4 ജി സവിശേഷതയില്ലെങ്കിലും വോയിസ് അസിസ്റ്റന്റ് അപ്ളിക്കേഷനായ സിരിയുടെ സാന്നിദ്ധ്യമാണ് ഐഫോണ്‍ 4 എസിനെ വേറിട്ട് നിര്‍ത്തുന്നത്. നമ്മുടെ വോയിസ് കമാന്‍ഡുകള്‍ സ്വീകരിച്ച് അതിനനുസരിച്ചുള്ള മറുപടിയും സഹായവും സിരിയില്‍ നിന്ന് ലഭിക്കും. ഉദാഹരണത്തിന് ഏറ്റവും അടുത്തുള്ള എ ടി എം എവിടെയാണെന്ന് അറിയാന്‍ സിരി ഓപ്പണ്‍ ചെയ്തശേഷം വേര്‍ ഈസ് ദി നിയറസ്റ്റ് എ ടി എം എന്ന് പറഞ്ഞാല്‍ മതിയാകും. ഒപ്പം ഏറ്റവും പുതിയ ഐ ഒ എസ് 5ന്റെ കരുത്തും. മുന്‍ ഐഫോണുകളെ അപേക്ഷിച്ച് മികച്ച ക്യാമറ-ദൃശ്യ അനുഭവം പ്രദാനം ചെയ്യുന്നതാണ് ഐഫോണ്‍ 4 എസ്.

2, സാംസങ്ങ് ഗ്യാലക്സി നെക്സസ്

സ്മാര്‍ട് ഫോണ്‍ ലോകം കാത്തിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഗൂഗിളിന്റെ മൂന്നാം തലമുറ ഫോണായ ഗ്യാലക്സി നെക്സസ് അവതരിച്ചത്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ഒ എസായ ഐസ്ക്രീം സാന്‍ഡ്വിച്ചുമായാണ് സാംസങ്ങ് നിര്‍മ്മിച്ച ഗ്യാലക്സി നെക്സസ് വിപണിയിലെത്തിയത്. മികച്ച രൂപകല്‍പനയും ഉന്നത നിലവാരമുള്ള സ്ക്രീനുമാണ് ഈ ഫോണിന്റെ സവിശേഷത. മികച്ച ആന്‍ഡ്രോയ്ഡ് അനുഭവമുണ്ടെങ്കിലും എല്ലാം തികഞ്ഞ ഒരു സ്മാര്‍ട്ഫോണ്‍ എന്ന നിലയിലേക്ക് മാറാന്‍ ഗ്യാലക്സി നെക്സസിന് സാധിച്ചിട്ടില്ല. പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ മൂന്നാം തലമുറ ഗൂഗിള്‍ ഫോണിന് സാധിക്കാതിരുന്നത് ഈ കാരണം കൊണ്ടാണ്.

3, നോക്കിയ 701

സിംബിയന്‍ ബെല്ലെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി എത്തിയ നോക്കിയ 701 എന്ന മോഡലിന് മികച്ച പ്രതികരണമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ലഭിച്ചത്. സാംസങ്ങ്, ആപ്പിള്‍ എന്നിവയുടെ സ്മാര്‍ട്ഫോണ്‍ തരംഗത്തില്‍ അല്‍പ്പമൊന്ന് മങ്ങിയ നോക്കിയ, ഈ മോഡലിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കാഴ്ചയിലും സവിശേഷതകളിലും പ്രവര്‍ത്തന മികവിലും ഉയര്‍ന്ന നിലവാരമാണ് നോകിയ 701ന് ഉള്ളത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ആപ്സ് ആണ് ഇതിന്റെ മുഖ്യ സവിശേഷത. എട്ട് എം പി ക്യാമറയുണ്ട് നോക്കിയ 701ന്.

4, സാംസങ്ങ് ഗ്യാലക്സി നോട്ട്

ഒരേസമയം സ്മാര്‍ട്ഫോണിന്റെയും ടാബ്ലറ്റ് കംപ്യൂട്ടറിന്റെയും സവിശേഷതകളുള്ള ഫോണാണിത്. വലിയ 5.3 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേയാണ് മുഖ്യ ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഗ്യാലക്സി നോട്ട് റണ്‍ ചെയ്യുന്നത്. 1.4 ജിഗാഹെര്‍ട്സ് പ്രോസസറാണ് നോട്ടിന് കരുത്തേകുന്നത്. ഒരു നോട്ട് പാഡ് പോലെ ഉപയോഗിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഡിജിറ്റല്‍ പേന ഉപയോഗിച്ചും ഇന്‍പുട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. 8 മെഗാപിക്സല്‍ ക്യാമറയും വീഡിയോ കോളിംഗിനായി 2 എം പി ക്യാമറയുമുണ്ട്.

5, എച്ച് ടി സി ഇന്‍ക്രഡിബിള്‍ എസ്

സ്മാര്‍ട്ഫോണ്‍ വിപണിയിലെ ശ്രദ്ധേയമായ ബ്രാന്‍ഡ് ആണ് എച്ച് ടി സി. എന്നാല്‍ നോകിയയും സാംസങ്ങുമൊക്കെ വാഴുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ എച്ച് ടി സിയ്ക്ക് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് 2011 മെയില്‍ എച്ച് ടി സി ഇന്‍ക്രഡിബിള്‍ എസിന്റെ വരവ്. 1 ജിഗാ ഹെര്‍ട്സ് പ്രോസസര്‍, 2.3 ജിഞ്ചര്‍ബ്രഡ് ഒ എസ്, 8 എം പി ക്യാമറ, 3ജി കണക്ടിവിറ്റി, വൈ-ഫൈ എന്നിവയാണ് ഇന്‍ക്രഡിബിള്‍ എസിന്റെ സവിശേഷതകള്‍. ഇത്രയൊക്കെ സവിശേഷതകളുള്ള ഈ മോഡലിന് പക്ഷെ വില അല്‍പ്പം കൂടുതലല്ലേ എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.