സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരം അടുത്ത വര്‍ഷം വെളിപ്പെടുത്തിയേക്കുമെന്ന് ‘വിക്കിലീക്‌സ്’ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് പറഞ്ഞു. യു.കെ.യില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന അസാഞ്ജ്, ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
”റുഡോള്‍ഫ് എല്‍മര്‍ എന്ന വ്യക്തിയാണ് സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ സി.ഡി. വിക്കിലീക്‌സിന് കൈമാറിയത്. അദ്ദേഹം ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വിവരം പുറത്തുവിടുന്നത് ഉചിതമല്ലാത്തതിനാലാണ് സംയമനം പാലിക്കുന്നത്”- അസാഞ്ജ് വ്യക്തമാക്കി.
”സ്വിസ് അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുകള്‍ അടുത്ത വര്‍ഷം പുറത്തുവിടുമോ” എന്ന ചോദ്യത്തിന്, ”അതെ” എന്നായിരുന്നു മറുപടി. ഇന്ത്യയെ ബാധിക്കുന്ന വിവരങ്ങളായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാരുടെ ഇ-മെയിലുകളുടെ ഉള്ളടക്കവും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളും ചില രാജ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് വാള്‍മാര്‍ട്ട്, ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിങ് പോലുള്ള കമ്പനികള്‍ക്ക് കൈമാറുകയാണെന്ന് അസാഞ്ജ് പറഞ്ഞു. സംശയിക്കേണ്ടതില്ലാത്ത ആളുകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും പിടിച്ചടക്കുകയും ചെയ്യുന്നതിനെപ്പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അസാഞ്ജ് നടത്തിയത്.
ഇസ്‌ലാമികതീവ്രവാദത്തിന്റെ പേര് പറഞ്ഞ്, ഇന്ത്യയിലെ ദേശീയസുരക്ഷാ ഏജന്‍സിക്ക് തുല്യമായ അമേരിക്കന്‍ ഏജന്‍സി എന്‍.ടി.ആര്‍.ഒ. ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ”എന്നാല്‍, ഈ വിവരങ്ങള്‍ എന്‍.ടി.ആര്‍.ഒ. സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സ്വകാര്യ കമ്പനികള്‍ ഇതിന് പ്രതിഫലം നല്‍കുന്നുണ്ടോ എന്നും വ്യക്തമല്ല”- അദ്ദേഹം പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചാല്‍ ഇന്ത്യയില്‍ വേരുറപ്പിക്കാനെത്തുന്ന കമ്പനികളില്‍ ഒന്നാണ് വാള്‍മാര്‍ട്ട്.
ഇ-മെയിലും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് ഇന്ത്യന്‍ കമ്പനികള്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ സഹായിക്കുന്നുണ്ടെന്ന് അസാഞ്ജ് അറിയിച്ചു. ലിബിയന്‍ ജനതയെ നിരീക്ഷിക്കാന്‍ ഗദ്ദാഫിക്ക് ഫ്രഞ്ച് കമ്പനിയുടെ സഹായമുണ്ടായിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലുള്ള ആശയവിനിമയം നിരീക്ഷിക്കാനും ഈ കമ്പനിക്ക് സംവിധാനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ഈ കമ്പനികളുടെ ഇടപെടല്‍ നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല