1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

കള്ളപ്പണം ഇന്ത്യയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. ചില ഘട്ടങ്ങളില്‍ ചില വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സംബന്ധിച്ചു കള്ളപ്പണ സമ്പാദനം സംബന്ധിച്ചു പരാതികള്‍ ഉയരുക, തുടര്‍ന്ന് അതു സംബന്ധിച്ചു മാദ്ധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുക, അതു കണ്ടും വായിച്ചും പൊതുജനം മൂക്കത്തു വിരല്‍ വയ്ക്കുക- ഇത്രയുമാണു ദശാബ്ദങ്ങളായി സ്വതന്ത്ര ഇന്ത്യയില്‍ സംഭവിച്ചുവരുന്നത്. വര്‍ഗ്ഗീയത, തീവ്രവാദം, മയക്കുമരുന്നു കച്ചവടം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടു വിദേശ സഹായത്തിലെത്തി നില്‍ക്കും മറ്റു ചില അവസരങ്ങളില്‍ ‘കള്ളപ്പണ വിവാദം’.

രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന ഈ വിഷയത്തില്‍ സാധാരണ പൗരനുള്ള ആശങ്ക പൊതുവേ കാലാകാലമായി ഭരണാധികാരികളില്‍ പ്രതിഫലിച്ചു കാണാറില്ല.കൂടുതല്‍ ഭരിച്ച കോണ്‍ഗ്രസായാലും കുറച്ചുകാലം ഭരിച്ച ബി.ജെ.പിയായാലും ഇക്കാര്യത്തില്‍ ഒരേ നയം തന്നെ. സംസ്ഥാനങ്ങളില്‍ മാറിമാറി ഭരിക്കുന്ന പ്രാദേശിക കക്ഷികളും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ വല്ലതും ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കാനില്ല.

പഴയ കാലത്തില്‍ നിന്നു വ്യത്യസ്തമായി, ഈയിടെയായി പ്രശ്‌നം പുതിയ തലത്തിലേക്കെത്തിയെന്നതാണ് ഇപ്പോഴത്തെ വ്യത്യാസം. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിവിരുദ്ധരായ കിരണ്‍ ബേദിയെ പോലുള്ളവരുടെ പിന്‍തുണയോടെ അഴിമിതിക്കെതിരെ പൊതുജന പ്രതിഷേധം ഉയരുന്ന രീതിയിലേക്കു കാര്യങ്ങള്‍ മാറിയത് അപ്രതീക്ഷിതമായാണ്. ഇവിടെ സര്‍ക്കാരിനു മുട്ടു മടക്കേണ്ടിവരികയും ചെയ്തു.

എന്നാല്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചു വിദേശരാജ്യങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം തള്ളിയത് എന്തിനെന്ന് മാത്രം വ്യക്തമാകുന്നില്ല, അഴിമതിയില്‍ മുങ്ങിയിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുമെന്നു ഭയന്നാണോ? എന്നിരിക്കിലും ഇതുസംബന്ധിച്ചു ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു ധനമന്ത്രി പ്രണാബ് മുഖര്‍ജി ലോക്സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ബിജെപിയുടെ എല്‍.കെ. അഡ്വാനി അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി നല്കുകയായിരുന്നു ധനമന്ത്രി.

ഏകദേശം 66,000 കോടി രൂപയോളം നികുതി വെട്ടിച്ച് വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്കുകള്‍, ഒന്ന് നോക്കണേ കോടിക്കണക്കിനു ജനങ്ങള്‍ ദാരിദ്രത്തില്‍ കഴിയുന്ന രാജ്യത്താണ് ഇത്രയേറെ പണം വിദേശത്ത് കിടക്കുന്നത് എന്ന കാര്യം. എന്തോക്കെയാലും കള്ളപ്പണം സംബന്ധിച്ച് ഊഹക്കണക്കുകളൊന്നും പറയാന്‍ പറ്റില്ലെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ധനമന്ത്രിയെന്ന നിലയ്ക്ക് ആധികാരികകണക്കുകള്‍ മാത്രമേ പ്രണബ്‌ പറഞ്ഞിട്ടുള്ളൂ ഇനി പറയുകയും ഉള്ളത്രേ!എന്നും ഇത് തന്നെ പറയാന്‍ പ്രണാബിന് ആകട്ടെ!

വിദേശബാങ്കുകള്‍ നല്‍കിയ കള്ളപ്പണക്കാരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടുന്നത് കരാര്‍ ലംഘനമാണ് എന്നതാണ് ഭരണപക്ഷത്തിന്റെ വാദം, പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഇനിയുള്ള ഒരു കാരണം ലഭിച്ചിരിക്കുന്ന പേരുകള്‍ പ്രസിദ്ധീകരിച്ചാല്‍ അക്കൌണ്ടുകളില്‍നിന്നു പണം പിന്‍വലിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതുമാണ്. സര്‍ക്കാരിനെ ആവില്ലയെങ്കില്‍ വേണ്ട, നമ്മുടെ ഈ വിവരങ്ങള്‍ നല്‍കാന്‍ മറ്റൊരാള്‍ ഉണ്ട്, ആരാണെന്നോ? സാക്ഷാല്‍ വീക്കിലീക്ക്സ്‌, എന്തായാലും അടുത്ത വര്ഷം തന്നെ ഈ വെളിപ്പെടുത്തല്‍ ഉണ്ടാകും. അന്നറിയാം എന്തുകൊണ്ട് ഈ പേരുകള്‍ പുറത്ത് വിടാന്‍ സര്‍ക്കാര്‍ മറിച്ചു എന്ന്.

എന്ത്ക്കെയാലും ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നു ധനമന്ത്രി പ്രണാബ് മുഖര്‍ജി ലോക്സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. എല്ലാ വാക്ക്‌ പോരുകളും കഴിഞ്ഞു അദ്വാനി പിന്നീട് പറഞ്ഞത്, കള്ളപ്പണത്തിന്റെ വ്യാപ്തിയും അത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാനാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ്. ചോദിച്ചത് കിട്ടിയില്ല, അതുകൊണ്ട് കിട്ടിയതില്‍ തൃപ്തന്‍ അദ്വാനി!

സംഗതികള്‍ ഒക്കെയും ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ ബോധിക്കുന്നുണ്ട് ഭരണ-പ്രതിപക്ഷങ്ങളെ, പക്ഷേ, ഉയരുന്ന സംശയം ചെറുതല്ല: ഇതൊരു കണ്ണില്‍ പൊടിയിടലാണോ, പതിവുരീതിയില്‍? ഇന്ത്യ അതല്ലേ കണ്ടു പരിശീലിച്ചിട്ടുള്ളത്? പഠന കമ്മിറ്റികള്‍, പാര്‍ലമെന്റ് ചര്‍ച്ചകള്‍, മന്ത്രിസഭാ പരിഗണനകള്‍, പിന്നെയൊന്നുമില്ലാതാകല്‍…, അങ്ങനെ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.