2004ലെ ബോക്‌സിംഗ് ഡേയി ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിയില്‍ കാണാതായ പെണ്‍കുട്ടി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തി. ഇന്തോനേഷ്യയിലെ വെസ്റ്റ് അസെഹിലെ ഉജോങ് ബറോഹ് സ്വദേശിയായ വാതി എന്ന പതിനഞ്ചുകാരിയാണ് തിരിച്ചെത്തിയത്. സുനാമിയെ തുടര്‍ന്ന് അമ്മയായ യുസ്‌നിറിനെയും രണ്ട് സഹോദരങ്ങളെയും വേര്‍പിരിയുമ്പോള്‍ വാതിക്ക് വെറും എട്ടു വയസ്സായിരുന്നു പ്രായം.
സുനാമിക്ക് ശേഷം കുടുംബം മടങ്ങിയെത്തിയെങ്കിലും വാതിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അവള്‍ മരിച്ചുവെന്ന് കരുതുകയായിരുന്നു. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബുധനാഴ്ച തിരിച്ചെത്തിയ മകളെ കണ്ട് മാതാപിതാക്കളായ യുസ്‌നെയ്‌റും യൂസഫും ശരിക്കും അമ്പരന്നു.
വാതിയുടെ ആറാം വയസില്‍ പുരികത്തിനു മുകളിലുണ്ടായ ഒരു മുറിവടയാളം വച്ച് അവര്‍ മകളെ തിരിച്ചറിയുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ വാതി ഇത്രയും നാള്‍ ഒരു ഭിക്ഷക്കാരിയായി ജീവിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഒരു പ്രാദേശിക കോഫീ ഷോപ്പിനടുത്തെത്തിയ അവള്‍ക്ക് തന്റെ സ്വദേശം തിരിച്ചറിയാന്‍ സാധിച്ചതാണ് തിരിച്ചുവരവ് സാധ്യമാക്കിയത്.
സിംപാംഗ് പെലോര്‍ കഫെയെന്ന കോഫീഷോപ്പിലെ ജീവനക്കാരോട് താന്‍ വീടു തിരയുകയാണെന്നും എന്നാല്‍ ബന്ധുക്കളുടെയാരുടെയും പേരോര്‍മ്മയില്ലെന്നും അവള്‍ അറിയിച്ചു. ആകെ അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നത് മുത്തശ്ശന്റെ പേര് ഇബ്രാഹിം എന്നാണെന്ന് മാത്രമായിരുന്നു. തുടര്‍ന്ന് കോഫീ ഷോപ്പ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹിമിനെ കണ്ടെത്തുകയും അദ്ദേഹം പേരക്കുട്ടിയെ തിരിച്ചറിയുകയും ചെയ്തു.
ഏഴു വര്‍ഷക്കാലം താന്‍ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് വാതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ലെന്ന് അന്റാറ വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇക്കാലമത്രയും അവള്‍ ഇന്തോനേഷ്യയിലെ അസെഹ് ജില്ല മൊത്തം അലഞ്ഞുനടക്കുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല