1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2011

വിദ്യാര്‍ത്ഥികളുടെ കഴിവിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ നാണക്കേടുകൊണ്ട് നീറുന്നു. വികസിത രാജ്യങ്ങളില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത് ഇവിടെയാണെന്ന് തെളിഞ്ഞതോടെയാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിജയ നിലവാരം എടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. 15നും 19നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെയിടയില്‍ ഉപരിപഠനത്തിന് യോഗ്യത നേടുന്നവരുടെ കണക്കാണ് എടുത്തത്.

എസ്റ്റോണിയ, സേ്‌ളാവാക്യ, ഗ്രീസ്, പോളണ്ട്, സേ്‌ളാവേനിയ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതലാണ് ബ്രിട്ടനിലെ പരാജയ ശതമാനം. ഇത് രാജ്യത്തെ തൊഴിലില്ലായ്മ ഉയര്‍ത്താനും കാരണമാകുന്നുണ്ട്. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ ടര്‍ക്കിയും, ബ്രസീലും, മെക്‌സിക്കോയും മുന്നില്‍ നില്‍ക്കുന്നു. പഠനം നടത്തിയ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ബ്രിട്ടനിലെ പുതിയ തലമുറയെ പരാജയ തലമുറ എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ പരാജയം തൊഴില്‍ മേഖലയിലെ പരിശീലനത്തിന് കൂടുതല്‍ പണം മുടക്കാന്‍ കാരണമാക്കുന്നു.

2009ല്‍ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വന്നവരില്‍ പത്തില്‍ ഒരാള്‍ വീതം ഉപരിപഠനം നേടാനോ തൊഴില്‍ കണ്ടെത്താനോ സാധിക്കാതെ പോയവരാണ്. യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ സ്‌പെയിന്‍, ഇറ്റലി, അയര്‍ലന്റ് എന്നിവിടങ്ങളില്‍ മാത്രമാണ് ഉയര്‍ന്ന വിജയശതമാനമുള്ളത്. ബ്രിട്ടനില്‍ 19 വയസ്‌സിന് ശേഷം 32 വിദ്യാര്‍ത്ഥികളില്‍ 26 പേര്‍ മാത്രമാണ് ഉപരിപഠനത്തിന് പോകുന്നത്. സര്‍വകലാശാലകളിലെ ഫീസ് ഉയര്‍ന്നത് പല മിടുക്കരായ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

9000 പൗണ്ടിന് മുകളിലാണ് ഇപ്പോള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളിലെ ഫീസ്. 16നും 19നും ഇടയിലുള്ള ആറുലക്ഷത്തോളം പേര്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ ആഴ്ചയില്‍ 30 പൗണ്ട് വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തൊഴിലില്‍ നിന്ന് ലഭിക്കുന്ന തുകയെക്കാള്‍ വളരെ കുറവാണ് ഇതെന്നതിനാല്‍ പലരും വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതിനായി ഒന്നും ചെയ്യുന്നില്ലെന്ന് നാഷണല്‍ യൂണിയന്‍ സ്റ്റുഡന്റ്‌സ് പ്രസിഡന്റ് ലിയാം ബേണ്‍സ് ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.