ബ്രിട്ടനിലെ ജനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മറ്റുമായി ഇന്ത്യക്കു നല്‍കിവരുന്ന സഹായം നിര്‍ത്തലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള കരാര്‍ പ്രകാരം 2015 വരെ ഇന്ത്യക്കു സഹായം നല്‍കും. അതിനുശേഷം ഇതു പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ അഭിപ്രായമെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സഹായത്തിന്റെ അവസാനഘട്ടത്തിലാണ് നാമിപ്പോഴെന്ന് അന്തര്‍ദേശീയ വികസനസഹായം സംബന്ധിച്ച വകുപ്പിന്റെ സെക്രട്ടറി ആന്‍ഡ്രൂ മിച്ചല്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് നൂറുകോടി പൌണ്ടിന്റെ സഹായം നല്‍കാനാണു വ്യവസ്ഥയുള്ളത്. ഇതില്‍ 60 കോടി പൌണ്ട് കൂടി കൊടുത്തുതീര്‍ക്കാനുണ്ട്. അതു കഴിഞ്ഞാല്‍ പുതുതായി സഹായം അനുവദിക്കില്ല.
സാമ്പത്തികമായി അതിവേഗം മുന്നേറുന്ന ഇന്ത്യക്ക് സഹായം നല്‍കുന്നതിന്റെ സാംഗത്യം ബ്രിട്ടനില്‍ പലരും ചോദ്യംചെയ്തു തുടങ്ങിയിട്ടുണ്ട്. എല്ലാക്കാലത്തേക്കും സഹായം നല്‍കാനാവില്ലെന്ന് മിച്ചല്‍ വ്യക്തമാക്കിയെന്ന് പത്രറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2015നു മുമ്പ് സഹായം നിര്‍ത്തലാക്കുന്നത് നയതന്ത്ര പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നു ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വന്തനിലയില്‍ ദാരിദ്യനിര്‍മാര്‍ജനത്തിന് 7,000 കോടി പൌണ്ട് ചെലവഴിക്കുന്ന ഒരു രാജ്യത്തിന് ഇനിയും ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്. ഇന്ത്യക്കു പുറമേ റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കുള്ള സഹായവും നിര്‍ത്തലാക്കുന്ന കാര്യം പരിഗണനയിലുണ്ട്. മുടക്കുന്ന ഓരോ പൌണ്ടിനും തക്കതായ പ്രയോജനം ഉണ്ടാവണം. അതുണ്ടാവാത്തപക്ഷം സഹായം നിര്‍ത്തലാക്കുമെന്നു മിച്ചല്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല