ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഒരു ക്യാന്‍സര്‍ രോഗി കൂടി മരണത്തിന് കീഴടങ്ങി. കീമോതെറാപ്പി ഉപയോഗിച്ച് അര്‍ബുദത്തെ മറികടക്കുവാനുള്ള ചികിത്സക്കിടയിലാണ് ആശുപത്രി അധികൃതര്‍ കിടക്ക ഒഴിവില്ല എന്ന കാരണം പറഞ്ഞു രോഗിയെ ഹോട്ടല്‍ മുറിയിലേക്ക് പറഞ്ഞു വിട്ടത്. ഇയാന്‍ കര്‍ട്ടിസ്(39) ആണ് ഈ ഹതഭാഗ്യനായ രോഗി. യൂണിവേര്‍സിറ്റി കോളേജ് ഹോസ്പിറ്റലില്‍ നിന്നും വെറും ഇരുന്നൂറു യാര്‍ഡ് അകലെയുള്ള ഹോട്ടല്‍ മുറിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഇതേ രീതിയില്‍ മരിക്കുന്ന രണ്ടാമത്തെ രോഗിയാണ് ഇയാന്‍. കീമോതെറാപ്പി ചികിത്സയില്‍ കഴിയുന്ന രോഗികളെ ആശുപത്രിക്കരികിലുള്ള ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് ഇവിടെ സാധാരണമാണ്. അപകടസൂചന അറിയിക്കുന്നതിനായി ഉപയോഗിക്കുന്ന അലാറം ഈ ഹോട്ടല്‍ മുറികളില്‍ ഉണ്ടായിരുന്നില്ല എന്നത് തീര്‍ത്തും അവിശ്വസനീയമായിരുന്നു. രോഗികള്‍ ഇത് വരെയും ഉപയോഗിച്ചില്ല എന്ന കാരണം പറഞ്ഞാണ് അലാറം വയ്ക്കുന്നത് ഹോട്ടല്‍ അധികൃതര്‍ നിര്‍ത്തിയത്.
കാറ്റസ്ട്രോഫിക് ഇന്‍ഫെക്ഷന്‍ എന്നറിയപ്പെടുന്ന രോഗം പൊടുന്നനെ ബാധിച്ചതിനാല്‍ ആണ് രോഗിക്ക് ഒരു ഫോണ്‍ കോള്‍ പോലും നടത്തുവാന്‍ സാധിക്കാതെ പോയത്. ഇദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി വന്ന ഭാര്യയായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്ഷം നവംബര്‍ രണ്ടിനാണ് സംഭവം നടന്നത്. അപകടകരമായ അവസ്ഥയിലുള്ള രോഗികളെ ആശുപത്രിയില്‍ താമസിപ്പിക്കാതെ ഹോട്ടല്‍ മുറിയിലേക്ക് വിട്ടതിനു ആശുപത്രി അധികൃതര്‍ ഏറെ പഴി കേള്‍ക്കുന്നുണ്ട്. അത്യാവശ്യ രോഗപരിചരണത്തിനായി മറ്റു കിടക്കകള്‍ ഒഴിപ്പിക്കേണ്ടതായിരുന്നു എന്നാണു പലരുടെയും അഭിപ്രായം.
കെന്റില്‍ നിന്നുള്ള കര്‍ട്ടിസ്, ക്യാന്‍സറിനുള്ള ചികിത്സയാല്‍ രക്ഷപ്പെടുന്നതിന് അമ്പതു ശതമാനമെങ്കിലും സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 1 നു നടത്തിയ പരിശോധനയില്‍ കര്‍ട്ടിസ് യാതൊരു രീതിയിലുമുള്ള അണുബാധയും സംഭവിച്ചിരുന്നില്ല. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കാറ്റസ്ട്രോഫിക് ഇന്‍ഫെക്ഷന്‍ ബാധിക്കപെട്ടു മരണമടയുകയായിരുന്നു ഇദ്ദേഹം. ചികിത്സയുടെ ഒരു കോഴ്സ് കഴിഞ്ഞതിനു ശേഷമാണ് ഇദ്ദേഹത്തെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റിയത് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ അതേ ചിലവില്‍ ഹോട്ടല്‍ മുറികളില്‍ സൗകര്യം ഒരുക്കിയിരുന്നത് ആശുപത്രി അധികൃതര്‍ തന്നെയാണ്. യു.എസില്‍ ഈ രീതി നിലവില്‍ ഉണ്ട് എങ്കിലും രോഗിയുടെ അപകടസൂചന പുറത്തറിയിക്കുന്നതിനുള്ള അലാറം അവിടെ നിര്‍ബന്ധമാണ്. കോര്ട്ടിസ് സംഭവം തികച്ചും നിര്‍ഭാഗ്യകരം എന്ന് പറഞ്ഞു തള്ളിക്കളയാനുള്ള ശ്രമത്തിലാണ് ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍.
ആശുപത്രിയും ഹോട്ടലും തമ്മിലുള്ള ഒത്തു കളിയാണ് ഇതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ കീമോതെറാപ്പി രോഗികളുടെ ചെലവ് എന്ന രീതിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു മില്ല്യന്‍ എങ്കിലും ഹോട്ടലിന് ആശുപത്രി അധികൃതര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ നല്‍കുന്ന തുക ഇതിലും അധികവുമായിരിക്കും. ഏകദേശം 900 രോഗികള്‍ ഇതേ സ്കീമില്‍ ചികിത്സിക്കപ്പെട്ടിട്ടുണ്ട്. ഇതിനു മുന്‍പ് 2005ലായിരുന്നു ഇതേ രീതിയില്‍ ഒരു രോഗി മരണപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല