1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

വര്‍ഷങ്ങള്‍ നീണ്ട വര്‍ദ്ധനവിന് ശേഷം കാര്‍ ഇന്‍ഷ്വറന്‍സ് ചെലവില്‍ ഈ വര്‍ഷം ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ 797 പൗണ്ടാണ് ഇന്‍ഷ്വറന്‍സ് തുകയായി ഒരു വാഹന ഉടമ അടച്ചത്. കഴിഞ്ഞവര്‍ഷത്തേ ഇതേ കാലയളവിനേക്കാള്‍ ഇത് 7.1 ശതമാനം കുറവാണന്നാണ് ടവേഴ്‌സ് വാട്‌സണ്‍ എന്ന പ്രൊഫഷണല്‍ സര്‍വ്വീസ് കമ്പനിയും കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമെന്ന വെബ്ബ്‌സൈറ്റും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്. എന്നാല്‍ കാര്‍ ഇന്‍ഷ്വറന്‍സ് ഇനത്തില്‍ പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ 110 പൗണ്ട് അധികമായി അടയ്‌ക്കേണ്ടി വരുന്നെന്നും സര്‍വ്വേ കണ്ടെത്തി.

ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരുടെ കാര്യത്തിലാണ്. 71 വയസ്സിന് മുകളിലുളള ഡ്രൈവര്‍മാരുടെ ഈ വര്‍ഷത്തെ പ്രീമിയം ഒരു വര്‍ഷം ഏതാണ്ട് 426 പൗണ്ടാണ്. അതായത് മുന്‍വര്‍ഷത്തേതിനേക്കാള്‍ 8.8 ശതമാനം കുറവ്. ചെറുപ്പക്കാരായ ഡ്രൈവര്‍മാരുടെ പ്രീമിയത്തിലും വന്‍ കുറവ് ഉണ്ടായിട്ടുണ്ട്. എന്നാലും 17-20 പ്രായപരിധിയിലുളളവരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം മറ്റ് പ്രായപരിധിയിലുളളവരെക്കാള്‍ ഉയര്‍ന്നതാണ്.

ഓരോ ഡ്രൈവര്‍മാരും അടക്കുന്ന പ്രീമിയം തുക അവര്‍ എവിടെ ജീവിക്കുന്നും ആണാണോ പെണ്ണാണോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. മാഞ്ചസ്റ്റര്‍ മേഖലയില്‍ താമസിക്കുന്ന 17 മുതല്‍ 20 വയസ്സിനിടയില്‍ പ്രായമുളള പുരുഷ ഡ്രൈവര്‍മാരുടെ വാര്‍ഷിക കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം ഏതാണ്ട് 5,394 പൗണ്ടാണ്. എന്നാല്‍ മധ്യ സ്‌കോട്ട്‌ലാന്‍ഡില്‍ താമസിക്കുന്ന ഇതേ പ്രായമുളള ഡ്രൈവര്‍മാരുടെ പ്രീമിയം 2,999 പൗണ്ടാണ്. ഇതേ പ്രായത്തിലുളള സ്ത്രീകള്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷ്വറന്‍സായി വര്‍ഷം ശരാശരി 1,878 പൗണ്ട് അടയ്‌ക്കേണ്ടി വരുമ്പോള്‍ പുരുഷന്‍മാര്‍ ശരാശരി 3,596 പൗണ്ട് അടയ്്‌ക്കേണ്ടി വരുന്നു.

പ്രാദേശികമായി നോക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശം പടിഞ്ഞാറന്‍ ഇംഗ്ലണ്ടാണ്. 2011 നേക്കാള്‍ ഏകദേശം 10.5 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. കാര്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തമ്മിലുണ്ടായ കടുത്ത മത്സരമാണ് ഇന്‍ഷ്വറന്‍സ് ചെലവ് ഇത്രയേറെ കുറയാന്‍ കാരണമായതെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ കാര്‍ ഇന്‍ഷ്വറന്‍സ് ഹെഡ് ഗാരേത് ക്ലോട്ട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.