മദ്യപിച്ച് സ്കോട്ട്ലാണ്ടിലൂടെ കാറോടിച്ചു പോകുന്നവര്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ നന്ന്, പിടിക്കപ്പെട്ടാല്‍ നിങ്ങള്ക്ക് ലഭിച്ചേക്കാവുന്ന ശിക്ഷ പെനാല്‍റ്റി പോയന്റോ ഫൈനോ ഒന്നുമായെക്കില്ല, അവര്‍ നിങ്ങളുടെ കാര്‍ തന്നെ കണ്ടു കെട്ടിയേക്കും. അമിതമായി മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെയും വ്യക്തമായ കാരണം ഇല്ലാതെ ബ്രീത്തിംഗ് ടെസ്റ്റിനും മറ്റു ടെസ്റ്റുകള്‍ക്കും വിധേയരാകാന്‍ വിസമതിക്കുന്നവരുടെയും കാറുകള്‍ പിടികൂടാനാണ് സ്കോട്ട്ലാന്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഫെസ്റ്റിവല്‍ സീസണുകളില്‍ മദ്യപിച്ചും മറ്റു ലഹരികള്‍ ഉപയോഗിച്ചും വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും തന്മൂലം ഉണ്ടാകുന്ന അപകട നിരക്ക് വര്‍ദ്ധിച്ചതുമാണ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വര്ഷം തന്നെ 7563 പേരെയാണ് പോലീസ് മദ്യപിച്ചു വാഹനം ഓടിച്ചതിനു അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ ഒരു ദിവസം ശരാശരി 20 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ട്.
എന്തായാലും ഇനി മുതല്‍ നിയമം അനുശാസിക്കുന്ന ലിമിറ്റിന്റെ മൂന്നിരട്ടിയോ അധിലധികമോ മദ്യപിക്കുന്നവരുടെയും ടെസ്റ്റിനു വിധേയരാകാന്‍ വിസമ്മതിക്കുന്നവരുടെയും വാഹനങ്ങള്‍ പിടിച്ചടക്കാന്‍ തന്നെയാണ് തീരുമാനം. ഇതോടൊപ്പം തന്നെ നിലവിലെ ശിക്ഷാ വിധികളായ പിഴയും, ഒരു വര്‍ഷത്തെ ഡ്രൈവിംഗ് നിരോധനം അടക്കമുള്ള ശിക്ഷകളും തുടരും.
2009 ല്‍ തുടര്‍ച്ചയായി അപകടം ഉണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും വാഹനം പിടിച്ചടക്കാനുള്ള തീരുമാനം സ്കോട്ട്ലാന്‍ഡ് കൈക്കൊണ്ടിരുന്നു, ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ ഈ തീരുമാനവും കൈക്കൊണ്ടിരിക്കുന്നത്. അന്ന് ഈ തീരുമാനം കൈക്കൊണ്ടത് മൂലം ഇത്തരത്തില്‍ തുടര്‍ച്ചയായി അപകടമുണ്ടാക്കുന്ന 702 വാഹനങ്ങള്‍ പിടിക്കുകയും ഇതില്‍ 155 എണ്ണം കണ്ടുകെട്ടുകയും ചെയ്തു, അതേസമയം 18 വാഹനങ്ങള്‍ കണ്ടു കെട്ടുന്നത് സംബന്ധിച്ച വാദം ഇപ്പോള്‍ കോടതികള്‍ കേള്‍ക്കുന്നുമുണ്ട്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നത് സ്കോട്ട് ലാന്‍ഡില്‍ ഉണ്ടാകുന്ന ഏഴില്‍ ഒരു വാഹന അപകടവും ഡ്രൈവറുടെ അമിത മദ്യപാനം മൂലമാണെന്ന് വ്യക്തമാണ്. സ്കൊടിഷ് പോലീസും മറ്റു നിയമപാലകരും ചേര്‍ന്നാണ് ഈ നടപടി സ്കോട്ട് ലാന്‍ഡില്‍ നടപ്പിലാക്കാന്‍ പോകുന്നത്. എന്തായാലും മദ്യപാനികളായ ഡ്രൈവര്‍മാര്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല