1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച്‌ വിവാദപ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ പോലീസ്‌ നരഹത്യയ്ക്ക്‌ കേസ്‌ വീണ്ടുംഎടുത്തു. അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ടാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, മണിയുടെ സഹോദരന്‍ എം.എം ലംബോധരന്‍, ഒ.ജി മദനന്‍ എന്നിവരുള്‍പ്പെടെ മൊത്തം ഏഴ്‌ പേര്‍ക്കെതിരെയാണ്‌ രാജാക്കാട്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. കൊലപാതകം, ഗൂഢാലോചന സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ കേസില്‍ ആരോപിക്കുന്നു. അടിമാലി കോടതിയില്‍ ഇന്ന്‌ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും. 302, 118, 120, 34 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. 309/2012 ആയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌.

എം.എ മണിയുടെ പ്രസംഗത്തില്‍ തുടരന്വേഷണമാകാമെന്ന്‌ അന്വേഷണ ഉദ്യോസ്ഥര്‍ക്ക്‌ അഡ്വക്കേറ്റ്‌ ജനറലിന്‌ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടു പോകാമെന്നും കേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അഡ്വ. ജനറലുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഡിജിപിയും കൂടിക്കാഴ്‌യില്‍ പങ്കെടുത്തു. പല കേസുകളിലും ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നാണ്‌ വിലയിരുത്തല്‍.

1980 കളില്‍ രാഷ്ട്രീയ പ്രതിയോഗികളെ ലിസ്റ്റ്‌ തയ്യാറാക്കി കൊന്നിട്ടുണ്ടെന്ന മണിയുടെ തൊടുപുഴ പ്രസംഗമാണ്‌ വിവാദമായത്‌. ബുധനാഴ്ച അന്വേഷണ സംഘത്തിന്‌ മുമ്പാകെ ഹാജരാകണമെന്ന്‌ കാണിച്ച്‌ പോലീസ്‌ മണിക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

1982 നവംബര്‍ 13 നാണ്‌ മേലേ ചെമ്മണ്ണില്‍ അഞ്ചേരി ബേബിയെ ഏലക്കാട്ടിനുള്ളിലെ വഴിയില്‍ വെടിവച്ചു കൊലപ്പെടുത്തിയത്‌. സാക്ഷികളും തെളിവുകളും ഇല്ലെന്ന കാരണത്താല്‍ കേസ്‌ തള്ളിപ്പോവുകയായിരുന്നു.
ഇതിനിടെ, എം.എം.മണിയുടെ വിവാദപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ട കേസുകളില്‍ തുടരന്വേഷണമാകാമെന്ന്‌ സര്‍ക്കാരിന്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം. മണിയുടെ ഗൂഢാലോചനയ്ക്ക്‌ തെളിവുണ്ടെങ്കില്‍ പുതിയ കേസ്‌ രജിസ്റ്റര്‍ ചെയ്യാമെന്നും എജി നിര്‍ദ്ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.