1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

ചിലവ് ചുരുക്കാന്‍ വേണ്ടി എന്തൊക്കെ നടപടി കൈക്കൊണ്ടിട്ടും എന്‍എച്ച്എസിന് യാതൊരു ഗുണവും ലഭിക്കില്ല എന്നതാണ് വാസ്തവം, കാരണമെന്തെന്നോ, ഒരു ഹോസ്പിറ്റല്‍ ചീഫിന് ഒരു ദിവസം നല്‍കിയ വേതനതുക കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, 3163 പൌണ്ട്! എന്നുവെച്ചാല്‍ ഒരു നേഴ്സിനു ഒരു മാസം കിട്ടുന്നതിന്റെ രണ്ടിരട്ടി. ഡോര്‍സെറ്റ് കണ്ട്രി ഹോസ്പിറ്റലിലെ താത്കാലിക ചീഫായി ജോലി ചെയ്ത ടെരെക് സ്മിത്താണ് ഇത്തരത്തില്‍ 141 ദിവസം ജോലി ചെയ്തു 387220 പൌണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

ഇദ്ദേഹം 2009 -10 സാമ്പത്തിക വര്‍ഷത്തില്‍ 97 ദിവസം ജോലി ചെയ്ത് 248041 പൌണ്ടു സ്വന്തമാക്കി, പിന്നീട് 44 ദിവസം ഡോര്‍ക്‌സ്റ്ററിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്ത് നേടിയത് 139179 പൌണ്ടും. അതായത് ഇക്കാലയളവില്‍ ഒരു ദിവസം കിട്ടിയത് മുന്‍പ് കിട്ടിയതിനേക്കാള്‍ 606 പൌണ്ട് കൂടുതല്‍! ഇങ്ങനെ വാരിക്കോരി എല്ലാവര്ക്കും കൊടുക്കുയാണെങ്കില്‍ വേണ്ടില്ല ചിലര്‍ക്ക് മാത്രമേ കൊടുക്കുന്നുള്ളൂ എന്നതാണ് ഏറെ കഷ്ടം.

ഇതിനൊപ്പം തന്നെ 2010 -11 കാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇവയ്ക്കൊക്കെ പുറമേ 10793 പൌണ്ട് ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ടെന്നാണ്. ഇനി പറയൂ ഇങ്ങനെ ശമ്പളം കൊടുക്കുയാണെങ്കില്‍ എങ്ങനെ എന്‍എച്എസ് കുത്തുപാള എടുക്കാതിരിക്കും. ചീഫ് എക്സിക്യൂട്ട്ടീവുകള്‍ക്ക് ഇങ്ങനെ വാരിക്കോരി കൊടുക്കുന്നുണ്ടെങ്കിലും പാവം നെഴ്സുമാരെ എന്‍എച്ച്എസ് പരിഗണിക്കുന്നേയില്ല എന്നതാണ് ഏറെ പരിതാപകരം. എക്സിക്യൂട്ടീവുകളുടെ ശമ്പളം കഴിഞ്ഞ വര്‍ഷം 5 ശതമാനമാണ് വര്‍ദ്ധിച്ചത്, ഇതിന്റെ പകുതി പോലും വര്‍ദ്ധനവ് നേഴ്സുമാരുടെ ശമ്പളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

62 കാരനായ സ്മിത്ത് തന്റെ 30 വര്‍ഷത്തെ എക്സിപീരിയന്‍സോടു കൂടി 2009 ലാണ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത് തുടങ്ങിയത്. അതേസമയം ഈ കണക്കുകള്‍ വിവാദമായതിനെ തുടര്‍ന്നു ഹോസ്പിറ്റല്‍ അധികൃതര്‍ മൌനം പാലിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതുപോലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഓവര്‍ ടൈം ജോലി ചെയ്ത് വന്‍ തുക വേതനമായി നേടിയ വിവരം പുറത്തു വന്നിരുന്നു. പ്രൈം മിനിസ്റ്റര്‍ വാങ്ങുന്നതിനേക്കാള്‍ വേതനം വാങ്ങുന്ന 1600 എന്‍എച്എസ് ചീഫ് എക്സിക്യൂട്ടീവുകള്‍ ഉണ്ടത്രേ ബ്രിട്ടനില്‍!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.