1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ…അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡിന്റെ ആവശ്യം വരില്ല. പകരം സ്മാര്‍ട്ട്‌ഫോണിലെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ (mobile app) മതിയാകും.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡും (RBS) നാറ്റ്‌വെസ്റ്റും (NatWest) പുറത്തിറക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ്, കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇടപാടുകാരെ സഹായിക്കുന്നത്. ഈ സങ്കേതമുപയോഗിച്ച് നിലവില്‍ 100 പൗണ്ട് വരെ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കും.

ഒരു ആറക്ക രഹസ്യകോഡ് ഉപയോക്താവിന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുക വഴിയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആ കോഡ് എടിഎമ്മില്‍ നല്‍കിയാല്‍ പണം പിന്‍വലിക്കാം. രഹസ്യകോഡിന് മൂന്നു മണിക്കൂര്‍ വരെ സാധുതയുണ്ടായിരിക്കും. സ്വതന്ത്ര എടിഎം ഓപ്പറേറ്ററായ എന്‍.സി.ആറും (NCR) കാര്‍ഡില്ലാതെ കാശ് പിന്‍വലിക്കാന്‍ ഇടപാടുകാരെ അനുവദിക്കുന്നുണ്ട്. യൂസര്‍മാര്‍ തങ്ങളുടെ മൊബൈലുപയോഗിച്ച് ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയാണ് വേണ്ടത്.

ആര്‍.ബി.എസ്.പുറത്തിറക്കിയ ‘ഗെറ്റ്കാഷ് ആപ്പ്’ (GetCash app) ഉപയോഗിച്ച് കാര്‍ഡില്ലാതെ പണമെടുക്കാം എന്നു മാത്രമല്ല, കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പെട്ടെന്ന് കാശെടുക്കേണ്ടി വന്നാല്‍ രഹസ്യകോഡ് അയച്ചുകൊടുത്ത് അത് സാധിക്കുകയുമാകാം. ശരിക്കും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണിതെന്ന് ആര്‍.ബി.എസ് ആന്‍ഡ് നാറ്റ്‌വെസ്റ്റിലെ മൊബൈല്‍ മേധാവി ബെന്‍ ഗ്രീന്‍ പറഞ്ഞു.

ബാങ്കിന്റെ സൗജന്യ മൊബൈല്‍ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആര്‍.ബി.എസ്, നാറ്റ്‌വെസ്റ്റ്, ടെസ്‌കോ എന്നിവയുടെ 8000 എടിഎമ്മുകളില്‍ നിന്ന് കാര്‍ഡില്ലാതെ കാശ് പിന്‍വലിക്കാന്‍ സാധിക്കും. ഗെറ്റ്കാഷ് ആപ്പ് ഇതിനകം 26 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

കാര്‍ഡുപയോഗിച്ച് ആര്‍.ബി.എസിന്റെയും മറ്റും എടിഎമ്മുകളില്‍ നിന്ന് നിലവില്‍ 300 പൗണ്ട് പിന്‍വലിക്കാന്‍ കഴിയും. കാര്‍ഡില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 100 പൗണ്ടായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

മൊബൈല്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ അയച്ചുകിട്ടുന്ന രഹസ്യകോഡ്, ഉപയോക്താവ് സ്‌ക്രീനില്‍ ടാപ്പ് ചെയ്യുന്നതുവരെ മറഞ്ഞിരിക്കും. രഹസ്യകോഡ് മറ്റുള്ളവര്‍ മനസിലാക്കുന്നത് തടയാനാണ് ഈ മുന്‍കരുതല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.