1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്ര പവര്‍ഗ്രിഡില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയിലേറെയും തകരാറിലായി. ചൊവ്വാഴ്ച ഇന്ത്യയിലുണ്ടായ വൈദ്യുത തകരാര്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത തകരാറുകളിലൊന്നായാണ് കണക്കാക്കുന്നത്. അറുപത് കോടി ആളുകളെ വൈദ്യുതമുടക്കം ബാധിച്ചു. ഖനികള്‍ക്കുളളില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ വൈദ്യുതി മുടങ്ങിയത് കാരണം ഖനിക്കുളളില്‍ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ട്രയിനുകള്‍ യാത്ര മുടക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ റെയില്‍ഗതാഗതം താറുമാറായി. ആശുപത്രികളിലും മറ്റും വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെയായി.

തിങ്കളാഴ്ച ഉത്തരമേഖലാ ഗ്രിഡ് തകര്‍ന്ന് ഏഴ് സംസ്ഥാനങ്ങളില്‍ പതിനഞ്ച് മണിക്കൂര്‍ വൈദ്യുതി മുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ മൂന്ന് പ്രധാന ഗ്രിഡുകള്‍ കൂടി തകര്‍ന്ന് 21 സംസ്ഥാനങ്ങള്‍ ഇരുട്ടിലായത്. കേന്ദ്രഗ്രിഡിലെ തകരാറിനെ തുടര്‍ന്ന് രാജ്യത്തെ ആറ് റെയില്‍വേ സോണുകളിലെ റെയില്‍ സര്‍വ്വീസ് താളം തെറ്റി. മൂന്നൂറോളം ട്രയിനുകള്‍ വിവിധ സ്ഥലങ്ങളില്‍ പിടിച്ചിട്ടു. ഡെല്‍ഹി മെട്രോ റെയില്‍ സര്‍വ്വീസ് തകരാറിലായതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ ജനജീവിതം സ്തംഭിച്ചു. ഒന്‍പത് മെട്രോ ട്രെയിനുകളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. മൂന്നുമണിയോടെയാണ് ട്രയിന്‍ സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചത്.

ബംഗാളില്‍ ഉച്ചക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ കല്‍ക്കരി ഖനികളില്‍ 265 തൊഴിലാളികള്‍ മണിക്കൂറുകളോളം കുടുങ്ങിയത് ആശങ്കയ്ക്ക് വഴി വച്ചു. രാത്രിയോടെ ഡല്‍ഹി അടക്കമുളള വടക്കന്‍ സം്സ്ഥാനങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ മൂന്നിലൊന്ന് പ്രദേശത്ത് മാത്രമാണ് തകരാര്‍ പരിഹരിക്കാനായത്. ചിരത്രത്തിലാദ്യമായാണ് ഇന്ത്യയില്‍ ഇത്രയധികം സംസ്ഥാനങ്ങള്‍ ഒരുമിച്ച് ഇരുട്ടിലാകുന്നത്. അന്താരാഷ്ട്ര തലത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസ്സമിടുന്നതായി ഈ വൈദ്യുത തകരാര്‍.

ചില സംസ്ഥാനങ്ങള്‍ അവര്‍ക്ക് അനുവദിച്ചതിലും കൂടുതല്‍ വിഹിതം എടുക്കാന്‍ ശ്രമിച്ചതാണ് ഗ്രിഡ് തകരാറിലാകാന്‍ കാരണമെന്ന് വൈദ്യുത മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കുറ്റപ്പെടുത്തി. എന്നാല്‍ ട്രാന്‍സ്മിഷന്‍ ലൈനുകളുടെ കാലപ്പഴക്കമാണ് തകരാറിന് കാരണമെന്നാണ് ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. നിലവില്‍ തകരാര്‍ ഭാഗികമായി പരിഹരിച്ചെങ്കിലും വൈദ്യുത ആവശ്യകതയില്‍ പത്ത് ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ വളര്‍ച്ചയെ ഇത് മോശമായി ബാധിക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച അയല്‍രാജ്യമായ ഭൂട്ടാനില്‍ നിന്നും വൈദ്യുതി വാങ്ങിയാണ് 300 മില്യണ്‍ ആളുകളെ ഇരുട്ടില്‍ നിന്ന് രക്ഷിച്ചത്. യുപിഎയുടെ ജനദ്രോഹപരമായ നയങ്ങളാണ് ഇ്ത്തരത്തിലൊരു പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും ഗവണ്‍മെന്റിനെതിരെ കടുത്ത പ്രതിക്ഷധമാണ് ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.