1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2020

ലിയോസ് പോൾ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Association of Indian communist)യുടെ സഹകരണത്തോടെ 30 സ്മാർട്ട് ടിവികൾ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി. 5 ടിവി സെറ്റുകൾ എസ്എഫ്ഐ എറണാകുളം പ്രസിഡന്റ് ആർഷോ ഏറ്റുവാങ്ങി.

കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി സ്‌കൂള്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠനസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഓൺലൈൻ ക്‌ളാസ്സുകൾ ആരംഭിച്ചത്.

ടി വി യോ സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള സൗകര്യങ്ങളോ ലഭ്യമാകാതെ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള മേഖലകളിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് തുടരുമെന്നും ഡിവൈഎഫ്ഐ പ്രസിഡന്റ് സതീഷ് പറഞ്ഞു. ടിവി ചലഞ്ചിനായി ചേതന യുകെ നടത്തുന്ന ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് ഫോണോ ടി വി യോ ഇല്ലാത്തതു കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് ചേതന യുകെ ടിവി ചലഞ്ചു ഏറ്റടുത്തതെന്ന് പ്രസിഡന്റ് സുജു ജോസഫ് പറഞ്ഞു. ഈ നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു കൂടെ നില്‍ക്കേണ്ടതുണ്ടെന്നും സെക്രട്ടറി ലിയോസ് പോൾ വ്യക്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേതന യുകെ അംഗങ്ങളും അഭ്യൂദയകാംക്ഷികളും മലയാളി സംഘടനകളും നൽകിയ നിർലോഭമായ സഹകരണമാണ് ടിവി ചലഞ്ച് സാധ്യമാക്കാൻ കഴിഞ്ഞതെന്ന് ലിയോസ് പോൾ പറഞ്ഞു.

ചേതന യുകെ വാങ്ങി നൽകിയ 32″ LED സ്മാർട്ട് ടിവികളുടെ വിതരണ ഉത്ഘാടനം എറണാകുളം SRV സ്കൂളിൽ CPIM എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. SRV സ്കൂളിലെ അർഹരായ 5 വിദ്യാർത്ഥികൾക്ക് അദ്ദേഹം ടിവികൾ കൈമാറി.

ആലുവ കുട്ടമശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ 4 എണ്ണം പ്രിൻസിപ്പൽ വി വി രശ്മിടീച്ചേർക്കു കൈമാറി.
ഏലൂർ ഗവ എച്ച് എസ് എസ് ലെ 3 കുട്ടികൾക്കുള്ള ടിവി സെറ്റുകൾ പ്രിൻസിപ്പൽ ജയശ്രീ ടീച്ചർക്ക് കൈമാറി. തുടർന്ന് അങ്കമാലി മഞ്ഞപ്ര ഹയർ സെക്കണ്ടറി സ്കൂളിലെ 3 കുട്ടികൾക്ക്, അങ്ങനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പട്ടിക പ്രകാരമാണ് ടിവികൾ വിതരണം ചെയ്യുന്നത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് മുതൽക്കൂട്ടാകാൻ പോന്ന ഈ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കളോടുമുള്ള അഗാധമായ നന്ദി ചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ലോക്ക്ഡൗൺ കാലയളവിൽ നിരവധി പ്രതിഭകളെ ഉൾപ്പെടുത്തി ചേതന യുകെ ആരംഭിച്ച ഫേസ്ബുക്ക് ലൈവിൽ ഇന്ന് കേരള നിയമസഭാ സ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ “കോവിഡും പ്രവാസികളും ” എന്ന വിഷയത്തിൽ സംവാദം നടത്തും. കേരളത്തിന്റെ സ്വന്തം ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് തുടക്കം കുറിച്ച ഫേസ്‌ബുക്ക് ലൈവ് പ്രോഗ്രാമിൽ ഡോ രതീഷ് കൃഷ്ണനും ചൈനയും covid 19 മഹാമാരിയും എന്ന വിഷയത്തെ പ്രധിപാതിച്ചു കൊണ്ട് പങ്കെടുത്തിരുന്നു. ഞായറാഴ്ച്ച പ്രമുഖ ഗായകനായ രഞ്ജിത്ത് ഗണേഷ് ലൈവിലെത്തും. ജൂൺ ഇരുപതിന് പ്രമുഖ മാധ്യമപ്രവർത്തകനായ ഡോ അരുൺ കുമാറാണ് ലൈവിലെത്തുക, വിഷയം സാമൂഹിക അകലം വംശീയതയിലേക് വഴി മാറുന്നുവോ.

ചേതന യുകെ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകൾ രൂപീകരിച്ച് തുടങ്ങി. ലണ്ടനിൽ ഈസ്റ്റ്ഹാമിലാണ് ബ്രാഞ്ച് രൂപീകരണത്തിന് തുടക്കമായത്. ഇഗ്‌നേഷ്യസ് ഗോമസ് പ്രസിഡന്റായും ആഗ്നൽ മനോജ് സെക്രട്ടറിയുമായുള്ള ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ ഈസ്റ്റ്ഹാമിൽ തുടക്കം കുറിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ പ്രഖ്യാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.