മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ പരസ്യനിലപാടുമായി കേന്ദ്രമന്ത്രി പി ചിദംബരം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ചിദംബരം പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ബഹളം വെയ്ക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വേഗത്തിലായാല്‍ രാഷ്ട്രീയകക്ഷികളുടെ ആശങ്കയും ഇല്ലാതാവും. തമിഴ്നാടിന് വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ അണകെട്ടിയത്. കേരളം ആശങ്കപ്പെടുന്നപോലെ അണക്കെട്ടിന് ബലക്ഷയം ഇല്ല- ചിദംബരം പറഞ്ഞു.
ചെന്നൈയില്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍-കൂടംകുളം ആക്ഷന്‍ കമ്മിറ്റി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് എരിഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തിലേയ്ക്ക് തന്റെ പ്രസ്താവനകളിലൂടെ ചിദംബരം എണ്ണ പകര്‍ന്നിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരാരും ഇത്തരത്തില്‍ കേരളത്തിനോ തമിഴ്നാടിനോ അനുകൂലമായ നിലപാട് സ്വീകരിക്കുകയോ അത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയോ ചെയ്തിട്ടില്ല. പ്രശ്നത്തിന് മാന്യമായ പരിഹാരമെന്നതാണ് എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം. ഇതിനിടെയാണ് തമിഴ്നാട്ടുകാരനായ ചിദംബരം തമിഴ്നാടിന് വേണ്ടി വാദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല