207,000 പൌണ്ട് അതായത് ഏകദേശം ഒരു കോടി അമ്പത്തൊമ്പതു ലക്ഷം രൂപ, ഇതൊരു വീടിന്‍റേയോ വില്ലയുടേയോ വിലയല്ല, ഒരു പ്രാവിന്‍റെ മൂല്യം. നമ്മുടെ നാട്ടില്‍ കാണാറുള്ള പ്രാവു കച്ചവടത്തിന്‍റെ ചിത്രങ്ങളൊന്നും മനസില്‍ കരുതേണ്ട. ബെല്‍ജിയം വെബ്സൈറ്റായ പീജിയന്‍ പാരഡൈസ് (പിപ) ലേലമാണു വേദി. ഡോള്‍സ് വിറ്റ ബ്രീഡില്‍പ്പെട്ട ഡച്ച് പ്രാവിന് റെക്കോഡ് വില കിട്ടി. ആകെ 245 പ്രാവുകളെയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സ്ക്രീനില്‍ എത്തിച്ചത്. ഇവയില്‍ നിന്നു ഡച്ച് പ്രാവിനെ കോടികള്‍ മുടക്കി സ്വന്തമാക്കിയതു ചൈനീസ് ഷിപ്പിങ് മാഗ്നെറ്റായ ഹു സെന്‍ യു. പ്രാവ് ലേലത്തില്‍ മൊത്തം ലഭിച്ച തുക 2.5 മില്യണ്‍ ഡോളറില്‍ അധികം വരും.
അന്താരാഷ്ട്ര തലത്തില്‍ പ്രാവ് ലേലം നിസാരകാര്യമല്ലെന്നു തെളിയിക്കുന്നു പിപയുടെ റെക്കോഡ് വില്‍പ്പന. ചൈനയില്‍ ഷിപ്പ് ബില്‍ഡിങ് കമ്പനി നടത്തുന്ന ഹു സെന്‍, സൗത്ത് ചൈനയിലെ പീജിയണ്‍ റേസിങ് ഗ്രൂപ്പിന്‍റെ ഉടമ കൂടിയാണു ഹു സെന്‍. യുകെ, ബെല്‍ജിയം, ഹോളണ്ട്, ജര്‍മനി എന്നിവിടങ്ങളില്‍ ജനപ്രീയമായിക്കൊണ്ടിരിക്കുന്ന വിനോദമാണു പീജിയണ്‍ റേസിങ്. എന്നാല്‍ ഇപ്പോള്‍ വന്‍ വില കൊടുത്ത് ഹു സ്വന്തമാക്കിയിരിക്കുന്ന പ്രാവിനെ റേസിങ്ങില്‍ പങ്കെടുപ്പിക്കില്ല. വളര്‍ത്താന്‍ മാത്രമാണു താത്പര്യമെന്നു ഹു വ്യക്തമാക്കുന്നു.
സാധാരണ പ്രാവുകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ആദ്യം ഈ ഇനം ആരംഭിച്ചത്. പിന്നീടിതു ലക്ഷ്വറിയുടെ ഭാഗമായി വന്‍വിലയുള്ള പ്രാവുകള്‍ മത്സരത്തിന്‍റെ കളം വാണു തുടങ്ങിയെന്നു മാത്രമല്ല, മത്സരത്തിലെ ജയം ഉടമയുടെ അഭിമാനവുമായി മാറി. ഇപ്പോള്‍ യൂറോപ്യന്‍ പക്ഷികള്‍ ചൈനയിലേക്കാണു ലേലത്തില്‍ പറക്കുന്നത്. ചൈനക്കാര്‍ക്കിടയില്‍ പ്രാവിനോടുള്ള ഇഷ്ടം വര്‍ധിച്ചു വരുന്നു. ലേലത്തില്‍ പങ്കെടുത്തവരില്‍ ഏറപ്പേരും ചൈനക്കാരായിരുന്നു. ഒരു പക്ഷേ, നല്ല പ്രാവുകളെ കാണാന്‍ ചൈനയിലേക്കു പോകേണ്ട കാലവും അതിവിദൂരമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല