ക്രിസ് ഓള്‍ഡിനെ ഓര്‍ക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ കുറവായിരിക്കും. 1981ലെ ആഷസ് സീരീസില്‍ ആസ്‌ട്രേലയയെ 3-1 ന് കെട്ട്‌കെട്ടിച്ച കരുത്തനായ ബൗളര്‍. ഓള്‍ഡിന്റെ ക്രിക്കറ്റ് കരിയര്‍ വിജയമായിരുന്നു. എന്നാല്‍ ജീവിതത്തിന്റെ ക്രീസില്‍ ഓള്‍ഡ് തോറ്റുപോയി. ആഷസ് പരമ്പരയില്‍ പന്തുകൊണ്ട് ആരാധകരുടെ മനസ്സില്‍ തീമഴ പെയ്യിച്ച ഓള്‍ഡ് ഇപ്പോള്‍ ജീവിക്കാനായി ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നു.
1971 മുതല്‍ 81 വരെയുളള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി 46 ടെസ്റ്റുകളും 32 ഏകദിനങ്ങളും ഓള്‍ഡ് കളിച്ചിട്ടുണ്ട്. യോര്‍ക്ക്‌ഷെയറിനും മറ്റുമായി കളിച്ച കൗണ്ടി മത്സരങ്ങളിലും ഓള്‍ഡിന്റെ കരിയറില്‍ തിളക്കമാര്‍ന്ന നേട്ടമായി നിലനില്‍ക്കുന്നു. എന്നാല്‍ ഇന്നത്തെപോലെ ക്രിക്കറ്റ് ഒരു പണം വാരുന്ന കളിയായിരുന്നില്ല അന്ന്. എഴുപതുകളുടെ ആദ്യം നടന്ന നാലരമാസത്തെ ഇന്ത്യാ പാക് പര്യടനത്തില്‍ ക്രിസ് ഓള്‍ഡിന് ലഭിച്ചത് വെറും 1300 പൗണ്ട്. ക്രിക്കറ്റില്‍ നിന്ന് കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജീവിക്കാനായി ഇപ്പോള്‍ ജോലി ചെയ്യണം. നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് താരത്തിന്റെ വാര്‍ഷിക വരുമാനം രണ്ടരലക്ഷം പൗണ്ടിനും നാല് ലക്ഷം പൗണ്ടിനും ഇടയിലാണ്. സ്‌പോണ്‍സര്‍ഷിപ്പ് വരുമാനങ്ങള്‍ വേറേയും.
നിരവധി ആരാധകരുണ്ടായിരുന്ന ഒരു ക്രിക്കറ്റ് താരമാണ് താനെന്ന ഭാവമൊന്നും ഓള്‍ഡിനില്ല. സെയിന്‍ബെറി സൂപ്പര്‍മാര്‍ക്കറ്റിലെ പുതിയ ജോലിയില്‍ സന്തുഷ്ടനാണ് താനും. മണിക്കൂറിന് ആറ് പൗണ്ടാണ് സെയ്ന്‍സ്‌ബെറിയിലെ ന്യൂസ് പേപ്പര്‍ ആന്‍ഡ് മാഗസീന്‍ സെക്ഷനില്‍ ജോലിചെയ്യുന്ന ഓള്‍ഡിന്റെ ശമ്പളം. കടയില്‍ വരുന്ന ചിലരൊക്കെ എന്നെ തിരിച്ചറിയുന്നുണ്ട്. തിരിച്ചറിയാത്തവരാണധികവും – ഓള്‍ഡ് പറഞ്ഞു. 30 വര്‍ഷം മുന്‍പ് ഇംഗ്ലണ്ടിന് വേണ്ടി കളിച്ച എന്നെ ചിലരെങ്കിലും തിരിച്ചറിയുന്നത് തന്നെ ഭാഗ്യം – ഓള്‍ഡ് പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷമായി കോണ്‍വാളിലാണ് ഓള്‍ഡിന്റെ താമസം. ഇപ്പോഴും ക്രിക്കറ്റിനോട് ഒടുങ്ങാത്ത ആവേശം മനസ്സില്‍ സൂക്ഷിക്കുന്ന ഓള്‍ഡ് ഫാള്‍മൗത്ത് ക്രിക്കറ്റ് ക്ലബ്ബിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. കൂടെ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും ഓള്‍ഡ് പഴയ ക്രിക്കറ്റ് താരമാണന്ന് അറിയില്ല. അറിയാവുന്ന ചിലര്‍ പഴയ ആഷസ് പരമ്പരയെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി സാന്‍സ്‌ബെറി സൂപ്പര്‍മാര്‍ക്കറ്റില്‍ ഓള്‍ഡ് ജോലി ചെയ്യുന്നു. മുന്‍പ് ഒരു റസ്‌റ്റോറന്റ് നടത്തിയിരുന്നെങ്കിലും സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല