
സ്വന്തം ലേഖകൻ: കൊവിഡ്-19 പ്രതിസന്ധി മൂലം യു.എ.ഇയില്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചു പൂട്ടുന്നു. ബിസിനസ് നഷ്ടമായതിനാല്‍ കൂടിയ ഡിസ്‌കൗണ്ടുകളില്‍ റെസ്റ്റോറന്റ് ലൈസന്‍സുകള്‍ ഉടമകള്‍ വില്‍ക്കുകയാണെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ഡൗണില്‍ അടച്ചു പൂട്ടിയ ഈ റെസ്റ്റോറന്റുകള്‍ ഇനി തുറന്നാലും ഉണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുക എന്നത് ബുദ്ധിമുട്ടാണെന്നാണ് യു.എ.ഇ ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
“സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളില്‍ മാത്രമേ വാടക മാറ്റി വെക്കലും മൂന്ന് മാസത്തേക്ക് വാടക വാങ്ങാതിരിക്കലും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളൂ. വലിയൊരു വിഭാഗം ഭൂവുടമകള്‍ അത്തരം ഇളവുകള്‍ നല്‍കിയിട്ടില്ല. ഇത് ഫുഡ് ആന്റ് ബീവറേജസ് മേഖലയുടെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും,” യു.എ.ഇയിലെ പേരു വെളിപ്പെടുത്താത്ത ഒരു വ്യവസായി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
11000 കമ്പനികളാണ് ദുബായില്‍ ഫുഡ് ആന്റ് ബീവറേജസിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 40-50 ശതമാനം കമ്പനികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ചിലത് ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തി. 30 ശതമാനത്തില്‍ താഴെ ഫുഡ് ഔട്ട്‌ലെറ്റുകള്‍ ( ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, മറ്റു ഭക്ഷണ കേന്ദ്രങ്ങള്‍) മാത്രമാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
ഇവയില്‍ മിക്കതും മാളുകളില്‍ ആണ്. എന്നാല്‍ ഇവ തുറന്നു പ്രവര്‍ത്തിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഒരു സമയത്ത് റെസ്റ്റോറന്റുകളില്‍ വരാവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഇത് ഇവ തുറന്നു പ്രവര്‍ത്തിച്ചാലും നഷ്ടത്തിലേക്കു നയിക്കാന്‍ കാരണമാവും. കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം തുറന്നു പ്രവര്‍ത്തിച്ചാലും നഷ്ടം തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞാണ് റെസ്റ്റോറന്റുകള്‍ യു.എ.ഇയില്‍ വില്‍പ്പെടുന്നത്. നിലവില്‍ കേരളത്തില്‍ നിന്നടക്കം നിരവധി പ്രവാസികള്‍ യു.എ.ഇയില്‍ റെസ്‌റ്റോറന്റുകള്‍ നടത്തുന്നുണ്ട്.
സൌദിയില്‍ ഒമ്പത് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 209 ആയി. ഇന്ന് 1687 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31938 ആയി. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1352 പേര്‍ക്കാണ് രോഗമുക്തി. സൌദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു.
എംബസി രേഖ പ്രകാരം മരിച്ച മലയാളികള്‍ ആറാണ്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട ചില കേസുകളില്‍ നിന്നും രണ്ടു പേരുടെ മരണം കൂടി കോവിഡ് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. അതും കൂടി ചേരുമ്പോള്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൌദിയിലുള്ളത്. സൌദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യാക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെയുള്ള 209 മരണങ്ങളില്‍ 21 പേരാണ് ഇന്ത്യക്കാര്‍.
കുവെെത്തില്‍ 278 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 6567 ആയി. പുതിയ രോഗികളിൽ 80 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2724 ആയി. ഇന്ന് രണ്ടു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 44 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതുതായി 162 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 2381 ആയി. നിലവിൽ 4142 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 91 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 52 പേരുടെ നില ഗുരുതരമാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ക്കൊപ്പം രോഗം ഭേദമാകുന്നവരുടെയും എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 918 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 18,890 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമാകുന്ന ദിനം കൂടിയാണ് ഇന്ന്. 216 പേര്‍ക്കാണ് ഒടുവിലായി രോഗം ഭേദമായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 2286 ആയി. രാജ്യത്ത് സാമൂഹ്യവ്യാപനത്തിന്‍റെ തോത് അളക്കാനായി ആരോഗ്യ മന്ത്രാലയം ഡ്രൈവ്ത്രൂ പരിശോധന തുടങ്ങി.
അതിനിടെ അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ വ്യക്തമാക്കി.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 12 ഇടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡല്‍ഹി അഹമ്മദാബാദ് അമൃത്സര്‍, ബംഗ്ലൂര്‍, മുംബൈ, ഗോവ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
ബഹ്‌റൈനിൽ പ്രവാസികളുടെ മടക്കയാത്രക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു. കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്ന എയർ ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റിൽ നിന്നുള്ളവർക്കാണ് ടിക്കറ്റ് ലഭ്യമാക്കുന്നത്. എയർ ഇന്ത്യ ഓഫീസ് അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയുള്ള താൽക്കാലിക ഓഫീസിൽ വെച്ചാണ് ടിക്കറ്റ് വിതരണം നടക്കുന്നത്.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽ നിന്ന് മുൻകൂട്ടി നിർദേശം ലഭിച്ച യാത്രക്കാർക്കാണ് ടിക്കറ്റ് നൽകുന്നത്. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന് നേരിട്ട് തന്നെ ബന്ധപ്പെടുന്നുണ്ട്. ഇങ്ങിനെ നിർദേശം ലഭിച്ചവർ പാസ്പോർട്ട് അടക്കമുള്ള രേഖകളുമായി ചെന്നാൽ ടിക്കറ്റ് ഏറ്റുവാങ്ങാം.കൊച്ചിയിലേക്ക് 84 ദിനാറും കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് ടിക്കറ്റ് നിരക്ക്.
യാത്ര പുറപ്പെടുന്നവർ ബഹ്‌റൈനിൽ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരില്ലെന്നാണ് സൂചന. യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പ് തെർമൽ സ്ക്രീനിങ് ഉണ്ടാകും. പട്ടികയിലുള്ളവരിൽ ലോക്ഡൗൺ കാലയളവിലെ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല