1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2020

സ്വന്തം ലേഖകൻ: കൊവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച് വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി.

ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് ചെറിയ തോതില്‍ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ പ്രകാരം അടുത്ത ഏതാനം ദിവസങ്ങളില്‍ വാള്‍ട്ടര്‍ റീഡിലെ പ്രസിഡന്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവര്‍ത്തിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് ട്രംപ് സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ കോവിഡിനെതിരേ അവസാന ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലുള്ള മരുന്നാണിത്. ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ ട്രംപിന് ഈ ആന്റിബോഡി നല്‍കിയ അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിന്റെ തീരുമാനത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

അതേസമയം ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവാണ്. തിരഞ്ഞെടുപ്പിന് ഒരു മാസം കൂടി ശേഷിക്കേ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് ബാധിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മാത്രമല്ല അമേരിക്കന്‍ ജനതയ്ക്ക് മുഴുവൻ തിരിച്ചടിയായി.

വാഷിങ്ടണിലെ തിരഞ്ഞെടുപ്പു ധനസമാഹരണവും ഫളോറിഡയില്‍ പ്രചാരണ റാലിയും ഉള്‍പ്പെട്ട വെള്ളിയാഴ്ചത്തെ പ്രസിഡന്റിന്റെ ഷെഡ്യൂള്‍ റദ്ദാക്കി. ശേഷിക്കുന്ന ഏക ഇവന്റ് ഉച്ചയ്ക്ക് 12.15 നാണെങ്കിലു അതു റദ്ദാക്കുന്ന അറിയിപ്പ് പുറത്തിറങ്ങിയിട്ടില്ല. അരിസോണയിലടക്കം അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രചാരണ പരിപാടികളും റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന.

ആദ്യ സം‌വാദത്തില്‍ ജോ ബൈഡൻ കോവിഡിന്റെ പേരില്‍ കടന്നാക്രമിച്ചിരുന്നു. സം‌വാദത്തിനിടെ മാസ്ക് ധരിച്ചതിന് ജോ ബൈഡനെ ട്രംപ് പരിഹസിച്ചു.

“ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെപ്പോലെ മാസ്ക് ധരിക്കില്ലെന്ന് പറഞ്ഞാണ് ട്രംപ് ബിഡനെ കളിയാക്കിയത്,” 200 അടി അകലെ നിന്നിട്ടും ബൈഡൻ ഇപ്പോഴും വലിയ മാസ്ക് ധരിച്ച് വരുന്നുവെന്നും ട്രം‌പ് കളിയായി പറഞ്ഞു.

ഇതിനു മറുപടിയായി, സിഡിസി മേധാവിയെ ഉദ്ധരിച്ച് ജോ ബൈഡൻ പറഞ്ഞത് എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നുവെങ്കിൽ രണ്ടു ലക്ഷം പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ്. നിലവിലെ സാഹചര്യത്തിൽ കൊറോണ വൈറസ് എന്ന ആഗോള പകർച്ചവ്യാധിയെ നേരിടാൻ ട്രംപിന് പദ്ധതികളൊന്നുമില്ലെന്ന തന്റെ ആരോപണം ശക്തമായ രാഷ്ട്രീയ ആയുധമായി ബൈഡൻ ഉപയോഗിക്കും എന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.