ടിപി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകനെും ഏരിയാ കമ്മിറ്റി അംഗം കെകെ കൃഷ്ണനെയും അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റെന്നാണ് പ്രാഥമിക വിവരം. നേരത്തെ അറസ്റ്റിലായ പഴയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബുധനാഴ്ച അര്‍ധരാത്രിയാണ് പോലിസ് ഇരുവരെയും പിടികൂടിയത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്‍ജിഒ യൂനിയന്‍ മുന്‍ സംസ്ഥാനജനറല്‍ സെക്രട്ടറിയാണ് സിഎച്ച് അശോകന്‍. കൊലപാതകത്തില്‍ നേരിട്ടുള്ള പങ്കുള്ള ഒരാളെ പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ന്യൂ മാഹി പന്തക്കല്‍ സ്വദേശിയായ അണ്ണന്‍ എന്ന സിജിത്(34) നല്‍കിയ മൊഴികളും നിര്‍ണായകമായി.
ചികിത്സയ്ക്കും രക്ഷപ്പെടാനും വേണ്ട സഹായം നല്‍കിയത് സിപിഎം നേതാക്കളാണെന്ന് സിജിത് മൊഴിനല്‍കിയിരുന്നു. അറസ്റ്റ് ചെയ്ത രണ്ടു പേരും കഴിഞ്ഞ കുറെ ദിവസങ്ങളായി പോലിസ് നിരീക്ഷണത്തിലായിരുന്നു. രണ്ടു പേരെയും വടകര ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കും.
പ്രമുഖ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാക്കളായ എളമരം കരീം, പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ വടകരയിലേക്ക് തിരിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല